ദുരന്തബാധിതരായ നേപ്പാൾ ജനതക്ക് മാനുഷിക സഹായവുമായി ഖത്തരി സായുധ സേന വിമാനം കാഠ്മണ്ഡുവിലെത്തിയപ്പോൾ
ദുരന്തബാധിതരായ നേപ്പാൾ ജനതക്ക് കൈത്താങ്ങായി ഖത്തർ
ദോഹ: മിന്നൽപ്രളയത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന നേപ്പാൾ ജനതക്ക് അടിയന്തര മാനുഷിക സഹായങ്ങളുമായി ഖത്തർ. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ അടിയന്തര ദുരിതാശ്വാസ സഹായ സാമഗ്രികളുമായി ഖത്തർ സായുധ സേനയുടെ വിമാനം കാഠ്മണ്ഡുവിലെത്തി. ദുരിത മേഖലകളിൽ അടിയന്തര സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.
ഏകദേശം 52,000 പേർക്ക് ഗുണകരമാകുന്ന ദുരിതാശ്വാസ പാക്കേജ് ആണ് തയാറാക്കിയിരിക്കുന്നത്. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള വാട്ടർ പമ്പിങ് മെഷീനുകൾ, ലൈറ്റിങ് സംവിധാനങ്ങൾ, ഭക്ഷവസ്തുക്കൾ, മൾട്ടി പർപ്പസ് ടെന്റുകൾ തുടങ്ങിയ അവശ്യ വസ്തുക്കളാണ് എത്തിച്ചത്. കുടിവെള്ളത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും കടുത്ത ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾക്കും കുട്ടികൾക്കും ഇത് ആശ്വാസകരമാകും.
കൂടാതെ, സഹായസാമഗ്രികൾ ദുരന്തബാധിത പ്രദേശങ്ങളിൽ കൃത്യമായി എത്തിക്കുന്നതിനും ഫീൽഡ് തലത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായി ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയുടെ കീഴിലുള്ള ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ് പങ്കാളികളായി പ്രവർത്തിക്കുന്നുണ്ട്.
ദുരന്തസമയത്തെ അടിയന്തര സഹായത്തിനപ്പുറം സമൂഹങ്ങളുടെ അതിജീവന ശേഷിയും പുനരധിവാസവും ഉറപ്പാക്കുക എന്നതാണ് അന്താരാഷ്ട്ര സഹകരണത്തിലൂടെ ഖത്തർ ലക്ഷ്യമിടുന്നത്. ലോകരാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ചേർന്നു പ്രവർത്തിച്ചുകൊണ്ട് ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും ജീവകാരുണ്യ രംഗത്ത് വിശ്വസ്ത പങ്കാളിയായി നിലകൊള്ളാനും ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
അനുശോചനമറിയിച്ച് ഖത്തർ
ദോഹ: പ്രകൃതിദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന നേപ്പാളിന് ആശ്വാസവും പിന്തുണയുമായി ഖത്തർ. ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നദ്, നേപ്പാൾ വിദേശകാര്യ മന്ത്രി ശിഷിർ ഖനാലുമായി ഫോണിൽ സംഭാഷണം നടത്തി.
സംഭാഷണത്തിനിടെ, നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഖത്തറിന്റെ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അവർ വിശദീകരിച്ചു.ദുരിത ബാധിതർക്ക് സഹായവുമായി ഖത്തറിൽ നിന്നുള്ള ആദ്യ വിമാനം നേപ്പാളിൽ എത്തിച്ചേർന്നതായി ഡോ. മറിയം അൽ മിസ്‌നദ് അറിയിച്ചു.
അന്താരാഷ്ട്ര തലത്തിൽ ഐക്യദാർഢ്യം ശക്തമാക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് സഹായം കൈമാറിയത്. നേപ്പാളിലെ മാനുഷിക ആവശ്യങ്ങൾ കണക്കിലെടുത്ത് വരും ദിവസങ്ങളിലും കൂടുതൽ സഹായങ്ങൾ എത്തിക്കുന്നതിനായി നേപ്പാൾ അധികൃതരുമായി നിരന്തരം ഏകോപനം തുടരാൻ സന്നദ്ധമാണെന്നും ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.