എണ്ണയിതര മേഖലയിൽ വളർച്ച: 2026 ഒന്നാം പാദത്തിൽ 3.5 ശതമാനം വർധന രേഖപ്പെടുത്തി
ദോഹ: പ്രാദേശിക വെല്ലുവിളികൾക്കും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കുമിടയിലും 2026 ന്റെ ആദ്യ പാദത്തിൽ ഖത്തറിന്റെ എണ്ണയിതര മേഖലയിൽ സാമ്പത്തിക വളർച്ച രേഖപ്പെടുത്തി. ഈ കാലയളവിൽ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) മുൻവർഷത്തെ അപേക്ഷിച്ച് 3.5 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി നാഷണൽ പ്ലാനിങ് കൗൺസിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രാദേശിക സുരക്ഷ സാഹചര്യങ്ങൾ, വ്യാപാര പാതകളെ ബാധിച്ച വെല്ലുവിളികൾ, ഗതാഗത, ഇൻഷുറൻസ് ചെലവുകളിലെ വർധന, ആഗോള വിതരണ ശൃംഖലയിലെ സമ്മർദങ്ങൾ എന്നിവ നിലനിന്നിട്ടും ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയാണ് ഈ ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് നാഷനൽ പ്ലാനിങ് കൗൺസിൽ ചൂണ്ടിക്കാട്ടി.
നിർമാണ മേഖല 6.2 ശതമാനം, ഹോൾസെയിൽ -റീട്ടെയിൽ വ്യാപാര മേഖല 9 ശതമാനം, റിയൽ എസ്റ്റേറ്റ് 6.1 ശതമാനം, ധനകാര്യ-ഇൻഷുറൻസ് മേഖല 4.8 ശതമാനം, പൊതുഭരണ പ്രവർത്തനങ്ങൾ 4 ശതമാനം എന്നിങ്ങനെയാണ് വിവിധ എണ്ണയിതര മേഖലകളിൽ വളർച്ച രേഖപ്പെടുത്തിയത്.
ഭൂരാഷ്ട്രീയ സംഘർഷങ്ങളും ആഗോള പ്രതിസന്ധികളും സാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളികൾ സൃഷ്ടിച്ചെങ്കിലും, ഖത്തറിന്റെ ദീർഘകാല -തന്ത്രപരമായ ആസൂത്രണവും സാമ്പത്തിക മാനേജ്‌മെന്റും വിപണി സുസ്ഥിരത ഉറപ്പാക്കാൻ സഹായിച്ചതായി നാഷണൽ പ്ലാനിങ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. അബ്ദുൽഅസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ പറഞ്ഞു. ഉപഭോക്താക്കളെയും ബിസിനസ് മേഖലയെയും സംരക്ഷിച്ചുകൊണ്ട് വികസന ലക്ഷ്യങ്ങളിലേക്ക് രാജ്യം മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും സേവനങ്ങളും ഉറപ്പാക്കാൻ സർക്കാർ ഏജൻസികൾ നേരിട്ട് ഏകോപനം നടത്തുന്നുണ്ട്.
അതേസമയം, എണ്ണയിതര മേഖലകളിൽ മികച്ച പ്രകടനം ഉണ്ടായിരുന്നെങ്കിലും, മേഖലയിലെ ഷിപ്പിങ്ങിനെയും കയറ്റുമതിയെയും ബാധിച്ച നിയന്ത്രണങ്ങൾ കാരണം ഖത്തറിന്റെ ഹൈഡ്രോകാർബൺ ജി.ഡി.പിയിൽ 25.8 ശതമാനം ഇടിവിന് കാരണമായി. ഇതോടെ 2026 ആദ്യ പാദത്തിലെ മൊത്തം സമ്പദ്‌വ്യവസ്ഥയിൽ വർഷാടിസ്ഥാനത്തിൽ 7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായി സുസ്ഥിരവും വൈവിധ്യപൂർണ്ണവുമായ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്ന് കൗൺസിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.