ഇറാഖ് ഫുട്ബാൾ താരങ്ങൾ പരിശീലനത്തിൽ
ഇറാഖിൻെറ ഹോം ഗ്രൗണ്ടായി ഖത്തർ
ദോഹ: 2022 ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യതാറൗണ്ടിൽ ഇറാഖിൻെറ ഹോം മത്സരങ്ങൾക്ക് ഖത്തർ വേദിയാവും.
ലോകകപ്പ്-ഏഷ്യാകപ്പ് യോഗ്യത തേടിയുള്ള മൂന്നാം റൗണ്ട് മത്സരങ്ങൾക്ക് സെപ്റ്റംബർ രണ്ടിനാണ് കിക്കോഫ് കുറിക്കുന്നത്. ഗ്രൂപ് 'എ'യിൽ സെപ്റ്റംബർ ഏഴിന് ഇറാനെതിരെയാണ് ഇറാഖിൻെറ ആദ്യ ഹോം മത്സരം. ഈ മത്സരത്തിന് അൽ ഗറാഫ സ്റ്റേഡിയം വേദിയാവും. രണ്ടിന് ദക്ഷിണകൊറിയക്കെതിരെ സോളിലാണ് ടീമിൻെറ ആദ്യത്തെ കളി. അത് കഴിഞ്ഞ് ഇറാഖ് ടീം അംഗങ്ങൾ ഖത്തറിലെത്തുമെന്ന് ദേശീയ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു.
നേരത്തെ രണ്ടാം റൗണ്ടിൽ ഗ്രൂപ് 'സി'യിൽനിന്ന് ഇറാന് പിന്നിലായാണ് ഇറാഖ് മൂന്നാം റൗണ്ട് മത്സരത്തിന് യോഗ്യത നേടിയത്. ഖത്തറും ഇറാഖും തമ്മിലെ സൗഹൃദത്തിൻെറയും ലോകകപ്പ് തയാറെടുപ്പിൻെറയും പേരിലാണ് മത്സരങ്ങൾക്ക് ദോഹ വേദിയാവുന്നത്. ഇറാഖിനു പുറമെ, ചൈനയുടെ ഹോം ഗ്രൗണ്ട് എന്നനിലയിൽ ഒരു മത്സരത്തിനും ഖത്തർ വേദിയാവുന്നുണ്ട്.
സെപ്റ്റംബർ ഏഴിന് ചൈനയും ജപ്പാനും തമ്മിലെ ഗ്രൂപ് 'ബി' മത്സരത്തിനും ദോഹയാണ് വേദി. കഴിഞ്ഞ ദിവസം ചേർന്ന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ഇതുസംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകി. കോവിഡ് സാഹചര്യത്തിൽ ചൈനയിലെ യാത്രാനിയന്ത്രണങ്ങൾ പരിഗണിച്ചാണ് ദോഹയെ ഹോം ഗ്രൗണ്ടായി പരിഗണിച്ചത്.ലോകകപ്പ് യോഗ്യതാമത്സരത്തിന് പുറമെ, സൗദിയുടെ അൽ നസറും ഇറാൻെറ ട്രാക്ടർ എസ്.സിയും തമ്മിലെ എ.എഫ്.സി ഏഷ്യൻ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിനും ദോഹ ഖലീഫ സ്റ്റേഡിയം വേദിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.