ദോഹ: ലോകത്തിൻെറ വിവിധ ഭാഗങ്ങളിലെ 52 നഗരങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കാൻ തങ്ങൾ തയാറായി നിൽക്കുകയാണെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ജൂൺ അവസാനത്തോടെ ഖത്തർ എയർവേയ്സ് സർവീസുകൾ പുനരാരംഭിക്കുമ്പോൾ ഇന്ത്യൻ നഗരങ്ങളായ അഹ്മദാബാദ്, അമൃത്സർ, ബംഗളൂരു, മുംബൈ, കൊൽക്കത്ത, ന്യൂ ഡൽഹി, ഗോവ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും നടത്തും. കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടും.
കോവിഡ്–19 പ്രതിസന്ധികൾക്കിടയിലും ഒരു ദശലക്ഷത്തിലേറെ ജനങ്ങളെ അവരുടെ നാടുകളിലേക്ക് എത്തിക്കാനും ഒരു ലക്ഷം ടൺ മെഡിക്കൽ സഹായമുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്കെത്തിക്കാനും ഖത്തർ എയർവേയ്സിന് സാധിച്ചിട്ടുണ്ടെന്നും പ്രതിസന്ധികൾക്കിടയിലും തങ്ങളിൽ വിശ്വാസമർപ്പിച്ച യാത്രക്കാരിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സി ഇ ഒ അക്ബർ അൽ ബാകിർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. ഘട്ടം ഘട്ടമായി സർവീസ് ശൃംഖല വിപുലീകരിക്കാനാണ് പദ്ധതിയെന്നും ബാകിർ കൂട്ടിച്ചേർത്തു.
മേയ് അവസാനത്തോടെ തന്നെ ലോകത്തിലെ 52 നഗരങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കോവിഡ്–19ൻ വ്യാപിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ആഗോലതലത്തിലെ പ്രവേശന നിയന്ത്രണങ്ങളിലെ ഇളവും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ചാണിത്. നിലവിൽ ഭൂരിഭാഗം ഭൂഖണ്ഡങ്ങളിലേക്കുമായി 30 പ്രതിദിന സർവീസുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
ജൂൺ അവസാനത്തോടെ 80 നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കും. 80 നഗരങ്ങളിൽ യൂറോപ്പിൽ 23ഉം അമേരിക്കയിൽ നാലും മിഡിലീസ്റ്റ്– ആഫ്രിക്കയിൽ 20ഉം ഏഷ്യാ–പസിഫിക് മേഖലയിൽ 33ഉം കേന്ദ്രങ്ങൾ ഉൾപ്പെടും. ഇതിൽ ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ചൈന രാജ്യങ്ങളിലെ പ്രധാന വിമാനത്താവളങ്ങളും ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.