പി.എച്ച്.സി.സിയും അമാൻ സെന്ററും ധരണപത്രം കൈമാറുന്നു
ദോഹ: ഗാർഹിക പീഡനങ്ങൾക്കും കുടുംബ പ്രശ്നങ്ങൾക്കും ഇരകളാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയും ആരോഗ്യ സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കാൻ കൈകോർത്ത് പ്രാഥമികാരോഗ്യ വിഭാഗവും (പി.എച്ച്.സി.സി), പ്രൊട്ടക്ഷൻ ആൻഡ് സോഷ്യൽ റിഹാബിലിറ്റേഷൻ കേന്ദ്രമായ അമാൻ സെന്ററും. ഇതു സംബന്ധിച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടു വിഭാഗങ്ങളും സഹകരണ കരാറിൽ ഒപ്പുവെച്ചു.
പി.എച്ച്.സി.സി ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സംയ അഹ്മദ് അൽ അബ്ദുല്ലയും അമാൻ സെന്റർ ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫദൽ മുഹമ്മദ് അൽ കഅ്ബിയുമാണ് ഒപ്പുവെച്ചത്. കരാർ പ്രകാരം, പി.എച്ച്.സി.സി നൽകുന്ന പ്രതിരോധ, ചികിത്സ ആരോഗ്യ സേവനങ്ങൾ ഗുണഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാകും.
അതേസമയം സംരക്ഷണം, പുനരധിവാസം, സാമൂഹിക പിന്തുണ എന്നിവ അമാൻ സെന്ററും ഉറപ്പാക്കും. അക്രമം തടയുന്നതിനും കുടുംബഐക്യം ശക്തിപ്പെടുത്തുന്നതിനുമായി വിവരങ്ങൾ കൈമാറുകയും, സംയുക്ത ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിക്കുകയും പരിശീലനം നൽകുകയും ചെയ്യും.
ആരോഗ്യ സംരക്ഷണ മേഖലയും സാമൂഹിക മേഖലകളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിലും പ്രതിരോധ, ചികിത്സപരിപാടികൾക്ക് പരസ്പരം പിന്തുണ നൽകുന്നതിലും കരാർ സുപ്രധാന ചുവടുവെപ്പാണെന്ന് ഡോ. സംയ അൽ അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.