ദോഹ: ഇസ്രായേൽ അധിനിവേശസേനയുടെ ആക്രമണങ്ങളിൽ ഉറ്റവരെയും ഉടയവരെയും നഷ്ടമായും പരിക്കേറ്റും ഖത്തറിന്റെ മണ്ണിൽ അഭയം നേടിയ ഫലസ്തീനികളെയും നെഞ്ചോടു ചേർത്തായിരുന്നു ഖത്തറിന്റെ പെരുന്നാൾ ആഘോഷം. ഗസ്സയിലുള്ള ഫലസ്തീനികുട്ടികൾക്ക് മാത്രമായി പേൾ ഖത്തറിൽ സീഷോർ ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ യുനൈറ്റഡ് ഡെവലപ്മെന്റ് കമ്പനി (യു.ഡി.സി) പെരുന്നാൾ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ‘ഖത്തറിന്റെ അതിഥികൾ-ഗസ്സയിലെ കുട്ടികൾ’ എന്ന തലക്കെട്ടിൽ പേൾ ഖത്തറിലെ ഡക്ക് ലേക്ക്, ഫനാർ ഫൈറൂസ് (ടെംബ അരീന) എന്നിവിടങ്ങളിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. വൈകുന്നേരം 3.30 മുതൽ രാത്രി 8 വരെ നീണ്ട പരിപാടികൾ ഈദിന്റെ ഒന്നും രണ്ടും ദിവസങ്ങളിലാണ് നടന്നത്.
ഖത്തറിൽ ചികിത്സയിൽ കഴിയുന്ന ഗസ്സയിൽനിന്നുള്ള കുട്ടികൾക്ക് ഈ വർഷത്തെ ഈദ് ആഘോഷ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചതെന്നും, അവരുടെ ശേഷിയും ശക്തിയും തിരിച്ചറിഞ്ഞ് ആഘോഷപരിപാടികളിൽ കുടുംബങ്ങൾക്ക് സന്തോഷകരമായ അന്തരീക്ഷം നൽകുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും യു.ഡി.സി അറിയിച്ചു. രണ്ട് ദിവസം നീണ്ട പരിപാടികളിലായി ആയിരത്തിലധികം ഗസ്സക്കാർ പങ്കെടുത്തു. ഗസ്സ മുനമ്പിൽ ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റ നിരവധി കുട്ടികളാണ് ഖത്തറിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രഖ്യാപിച്ച ചികിത്സപദ്ധതിയുടെ ഭാഗമായാണ് ഇവരെ ഖത്തറിലെത്തിച്ചത്. പേൾ ഖത്തറിലെ ഈദ് ആഘോഷങ്ങൾ താമസക്കാർക്കും സന്ദർശകർക്കും ഐക്യദാർഢ്യത്തിലും ആഘോഷത്തിലും ഒത്തുചേരാനുള്ള സവിശേഷ അവസരമാണ് നൽകുന്നതെന്ന് യു.ഡി.സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.