ദോഹ: ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോൾ സാധനങ്ങളുമായി മുന്നിലെത്തുന്ന കുഞ്ഞൻ റോബോട്ടിനെ കണ്ട് ഞെട്ടേണ്ട. മിഷൈരിബിലാണ് സാധനങ്ങൾ ആവശ്യക്കാരനിലെത്തിക്കാൻ കുഞ്ഞൻ റോബോർട്ടുമായി പ്രദേശിക സ്റ്റാർട്ടപ്പ് രംഗത്തിറങ്ങിയത്. ഡെലിവറി സ്റ്റാർട്ടപ്പായ 'പാസ്' ആണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്. പ്രമുഖ ബ്രിട്ടീഷ് ഡെലിവറി പ്ലാറ്റ്ഫോമുകളിലൊന്നായ പി.ഇ.വൈ.കെയുമായി സഹകരിച്ചാണ് 'പാസ്' റോബോട്ടുകളുടെ സഹായത്തോടെയുള്ള ഹ്രസ്വദൂര ഓട്ടോണമസ് ഡെലിവറി ഖത്തറിലെത്തിച്ചിരിക്കുന്നത്. സ്മാർട്ടും ഓട്ടോണമസുമായ ഡെലിവറികൾക്ക് അനുയോജ്യമായ മുശൈരിബിലാണ് പുതിയ റോബോട്ട് പരീക്ഷണാർഥത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ആപ്പിൾ, ആൻേഡ്രായിഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ നൂതന സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴിയാണ് ഡെലിവറി ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നത്. പി.ഇ.വൈ.കെയുമായുള്ള 'പാസി'ന്റെ തന്ത്രപ്രധാന സഹകരണത്തിലൂടെ ബ്രിട്ടനിൽനിന്നും ഖത്തറിലേക്ക് അവരുടെ സാങ്കേതികവിദ്യയും വൈദഗ്ധ്യവും കൊണ്ടുവരാൻ സാധിക്കുന്നു.
പരീക്ഷണാടിസ്ഥാനത്തിൽ മുശൈരിബിൽ പ്രവർത്തിക്കുന്ന റോബോട്ടിന് ഏകദേശം 50 കിലോ ഭാരവും ഒരു മീറ്റർ നീളവും 45 സെൻറീമീറ്റർ വീതിയുമുണ്ട്. വിപുലമായ മെഷീൻ ലേണിങ്ങും നിർമിത ബുദ്ധി സാങ്കേതികവിദ്യയുമുള്ളതിനാൽ ബാറ്ററി ഉപഭോഗത്തിലും വേഗതയിലും കൂടുതൽ കാര്യക്ഷമമായാണ് ഉപകരണം പ്രവർത്തിക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ കാർബൺ ബഹിർഗമനം തീരെ കുറച്ചുള്ള വിതരണ സംവിധാനമാണ് 'പാസ്' ലക്ഷ്യമിടുന്നത്. കുറഞ്ഞ കാർബൺ ഫൂട്ട്പ്രിൻറുള്ള ഉൽപന്നങ്ങൾ മുന്നോട്ടുവെക്കുന്നതിലാണ് 'പാസ്' എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.