യൂനിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കോഴ്സ് വിവരങ്ങൾ ഡോ. മുഹമ്മദ് ബിൻ സാലിഹ് അൽ സാദ, ഡോ. സാലിം അൽ നഈമി എന്നിവർ പ്രഖ്യാപിക്കുന്നു
ദോഹ: കഴിഞ്ഞ ദിവസം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രഖ്യാപിച്ച ദോഹ ശാസ്ത്ര സാങ്കേതിക സർവകലാശാല പ്രവർത്തനം ആരംഭിക്കുന്നത് വിവിധ മേഖലകളിലെ ബിരുദ-ബിരുദാനന്തര കോഴ്സുകളുമായി. അമീറിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, 'യൂനിവേഴ്സിറ്റി ഓഫ് ദോഹ സയൻസ് ആൻഡ് ടെക്നോളജി (യു.ഡി.എസ്.ടി)യിലെ കോഴ്സുകളുടെ വിശദാംശങ്ങൾ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും മുൻ ഊർജ മന്ത്രിയുമായ ഡോ. മുഹമ്മദ് ബിൻ സാലിഹ് അൽ സാദയും സർവകലാശാല പ്രസിഡന്റ് ഡോ. സാലിം അൽ നഈമിയും വിശദീകരിച്ചു. രാജ്യത്തെ പ്രഥമ നാഷനൽ അപ്ലൈഡ് സർവകലാശാലയായി പ്രവർത്തനം ആരംഭിക്കുന്ന യൂനിവേഴ്സിറ്റി ഓഫ് ദോഹ സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ വിഭാഗങ്ങളിലായി 50ൽ ഏറെ കോഴ്സുകൾ തയാറാക്കിയതായി അറിയിച്ചു.
ബിരുദ-ബിരുദാനന്തര കോഴ്സുകൾക്ക് പുറമെ, എൻജിനീയറിങ് ടെക്നോളജി ആൻഡ് ഇൻഡസ്ട്രിയൽ ട്രേഡ്സ്, ബിസിനസ് മാനേജ്മെന്റ്, കമ്പ്യൂട്ടിങ് ആൻഡ് ഐ.ടി, ഹെൽത്ത് സയൻസ് എന്നിവയുമായി ബന്ധപ്പെട്ട് ഡിപ്ലോമ കോഴ്സുകളുമുണ്ടാവും. ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ ടെക്നോളജി, ഡേറ്റ സയൻസ് ആൻഡ് ആർടിഫിഷ്യൽ ഇന്റലിജൻസ്, റെസിപ്രേറ്ററി തിയറി, മെഡിക്കൽ റേഡിയോഗ്രഫി എന്നിവയിലെ ബിരുദ കോഴ്സുകൾ ഖത്തറിൽ ആദ്യമാണ്. സർവകലാശാലയിൽ വിവിധ കോഴ്സുകളുടെ പട്ടികയും അധികൃതർ പുറത്തിറക്കി.
സർവകലാശാലയുടെ പേര് തെരഞ്ഞെടുത്തത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണെന്നും പേരിൽതന്നെ സർവകലാശാലയുടെ ലക്ഷ്യവും ദൗത്യവും തിരിച്ചറിയപ്പെടണമെന്നനിലയിലാണ് ഈ തെരഞ്ഞെടുപ്പെന്നും ഡോ. അൽ സാദ വിശദീകരിച്ചു.
സയൻസ് ആൻഡ് ടെക്നോളജി എന്നനിലയിൽ വിദ്യാർഥികളും രക്ഷിതാക്കളും ആകർഷിക്കപ്പെടും. അതിലുപരി വിവിധ മേഖലകളിലെ നിരവധി പ്രോഗ്രാമുകളും അടങ്ങിയിരിക്കുന്നു. ലോകോത്തര ശാസ്ത്ര-സാങ്കേതിക സർവകലാശാലയായി യു.ഡി.എസ്.ടിയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. വിഷൻ 2030ന്റെ ലക്ഷ്യം പോലെ, ഭാവി ഖത്തറിന്റെ സുസ്ഥിര വികസനത്തിന് നായകരാവാൻ ശേഷിയുള്ള മികച്ച തലമുറയെ സൃഷ്ടിക്കുകയാണ് സർവകലാശാലയിലൂടെയെന്നും അദ്ദേഹം പറഞ്ഞു.
അത്യാധുനികമായ കാമ്പസ്, മികച്ച പഠനാന്തരീക്ഷം, സ്പോർട്സ് ടീമുകൾ, ഓൺലൈൻ-ഓഫ്ലൈൻ സൗകര്യങ്ങളോടെ വിപുലമായ ലൈബ്രറി, ഫിറ്റ്നസ് റൂം, നീന്തൽക്കുളം, കഫറ്റീരിയ, സ്റ്റുഡന്റ് ലോഞ്ച് ഉൾപ്പെടെ സർവസജ്ജീകരണങ്ങളോടെയാണ് കമ്പസ് തയാറാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.