ദോഹ: ഡി-റിങ് റോഡിലെ നുഐജ ഇൻറർസെക്ഷൻ ഭാഗിക ഗതാഗതത്തിനായി തുറന്നുകൊടുത്തു. നജ്മ, അൽ ഹിലാൽ, നുഐജ, ഓൾഡ് എയർപോർട്ട് എന്നീ മേഖലകളിലേക്കുള്ള ഗതാഗതം ഇതോടെ സുഗമമാകും. പൊതു മരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. ഡി-റിങ് റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നുഐജ ഇൻറർസെക്ഷൻ താൽക്കാലികമായി അടച്ചിരുന്നത്.
നജ്മ സ്ട്രീറ്റിൽ നിന്നുമെത്തുന്ന വാഹനങ്ങൾക്ക് ഡി-റിങ് റോഡിലെത്തി വടക്ക് ഭാഗത്തേക്കോ എയർപോർട്ട് സ്ട്രീറ്റിലേക്കോ തിരിയാം. കൂടാതെ ഡി റിങ് റോഡിൽ നിന്നും വരുന്നവർക്ക് ഇൻറർസെക്ഷനിലെത്തി നജ്മ സ്ട്രീറ്റിലേക്കും ഓൾഡ് എയർപോർട്ടിലേക്കും തിരിയാനും പുതിയ ഗതാഗത പരിഷ്കരണത്തിലൂടെ സാധിക്കും.
പ്രദേശത്തെ ഗതാഗതം നുഐജ ഇൻറർസെക്ഷൻ തുറന്നുകൊടുത്തതോടെ സുഗമമാകുമെന്നും ഡി-റിങ് റോഡ് വികസന പദ്ധതി 50 ശതമാനം പൂർത്തിയായെന്നും അടുത്തവർഷം ആദ്യ പാദത്തോടെ പദ്ധതി പൂർത്തിയാകുമെന്നും അശ്ഗാൽ ഹൈവേ െപ്രാജക്ട് വിഭാഗത്തിൽ നിന്നുള്ള എഞ്ചി. അബ്ദുല്ല ദർവിശ് പറഞ്ഞു.
ലുലു ഇൻറർസെക്ഷൻ ഗതാഗതത്തിന് തുറന്നുകൊടുത്തതിനു ശേഷം ഡി-റിങ് റോഡ് വികസന പദ്ധതിയിലെ രണ്ടാമത് നാഴികക്കല്ലാണ് നുഐജ ഇൻറർസെക്ഷൻ തുറന്നുകൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഫരീജ് അൽ അലി ഇൻറർചെയ്ഞ്ച് (അൽ തദാമുൻ ഇൻറർചെയ്ഞ്ച്), നുഐജ ഇൻറർസെക്ഷൻ (ദി മാൾ), ലുലു ഇൻറർസെക്ഷൻ എന്നിവ ഉൾപ്പെടുന്നതാണ് ഡി റിങ് റോഡ് വികസന പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.