ദോഹ: 2022 ലോകകപ്പിനായുള്ള അൽഖോറിലെ അൽ ബയ്ത് സ്റ്റേഡിയത്തിെൻറ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നതായും അടുത്ത വർഷം അവസാനത്തോടെ സ്റ്റേഡിയം പൂർത്തിയാകുമെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി. സുപ്രീം കമ്മിറ്റിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് അൽ ബയ്ത് സ്റ്റേഡിയത്തിെൻറ ഏറ്റവും പുതിയ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടിരിക്കുന്നത്. ഖത്തറിെൻറ പൈതൃകവും തനിമയും വിളിച്ചോതുന്ന പരമ്പരാഗത തമ്പ് അൽ ബയ്ത് അൽ ശഹറിെൻറ മാതൃകയിലാണ് സ്റ്റേഡിയം. ദൂരെ നിന്ന് നോക്കിയാൽ ചെറിയ കുന്നുകൾ പോലെ തോന്നിപ്പിക്കുകയും എളുപ്പത്തിൽ കാണാൻ സാധിക്കുകയും ചെയ്യുന്ന തമ്പുകളുടെ പശ്ചാത്തലം നേരത്തെ ഒരുക്കിയിട്ടുണ്ട്. നാടോടികൾ താമസിക്കുന്ന തമ്പുകളുടെ മാതൃകയിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് തമ്പുകളുടെ കറുപ്പും വെളുപ്പും നിറങ്ങളാണ് നൽകുന്നത്. 2015 സെപ്തംബറിൽ നിർമ്മാണം ആരംഭിച്ച ശേഷം നിരവധി നാഴികക്കല്ലുകൾ പിന്നിട്ട് വളരെ വേഗത്തിലാണ് പണി പുരോഗമിക്കുന്നത്. 60000 പേർക്ക് ഇരിപ്പിടമൊരുക്കുന്ന സ്റ്റേഡിയത്തിൽ ലോകകപ്പ് സെമി ഫൈനൽ അടക്കമുള്ള പ്രധാന മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. സ്റ്റേഡിയത്തിലെ മുകളിലത്തെ നിലയിലെ ഇരിപ്പിടങ്ങൾ ലോകകപ്പിന് ശേഷം നീക്കം ചെയ്യുകയും കായിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാക്കുന്നതിന് പ്രയാസപ്പെടുന്ന വികസ്വര രാജ്യങ്ങൾക്ക് നൽകുകയും ചെയ്യും. 2022 ലോകകപ്പിന് ശേഷവും ഉപയോഗിക്കാൻ സാധിക്കുന്ന രൂപത്തിലാണ് സ്റ്റേഡിയത്തിെൻറ നിർമ്മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.