ദോഹ: ദോഹയിൽ നിന്നും ബോസ്നിയ–ഹെർസേഗോവിനയിലേക്ക് നേരിട്ടുള്ള ഖത്തർ എയർവേയ്സ് വിമാന സർവീസിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുയർന്ന് സരയാവോ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ ഖത്തർ എയർവേയ്സിെൻറ എയർബസ് എ320 വിമാനത്തിന് പരമ്പരാഗത ജല പീരങ്കി സ്വീകരണമടക്കം ഉൗഷ്മള വരവേൽപ്പാണ് ലഭിച്ചത്. ഞായർ, ചൊവ്വ, ബുധൻ, വെള്ളി എന്നിങ്ങനെ ആഴ്ചയിൽ നാല് സർവീസുകളാണ് ദോഹ–സരയാവോ സെക്ടറിലുണ്ടായിരിക്കുക. ദോഹയിൽ നിന്നും കേവലം ആറ് മണിക്കൂർ മാത്രമാണ് സരയാവോയിലേക്കുള്ളത്.
സരയാവോയിലെത്തിയ പ്രഥമ സർവീസിൽ ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ, ഖത്തറിലെ ബോസ്നിയ–ഹെർസേഗോവിന അംബാസഡർ താരിക് സാദോവിച് തുടങ്ങിയവർക്ക് വിമാനത്താവള അധികൃതർ സ്വീകരണം നൽകി. ബോസ്നിയയിലെ ഖത്തർ അംബാസഡർ റാഷിദ് ബിൻ മുബാറക് അൽ കുവാരി, സരയാവോ രാജ്യാന്തര വിമാനത്താവള ഡയറക്ടർ അർമിൻ കജ്മാകോവിച്, സരയാവോ മേയർ അബ്ദുല്ല ഇസ്കക എന്നിവർ സ്വീകരണചടങ്ങിൽ സംബന്ധിച്ചു. കിഴക്കൻ യൂറോപ്പിലേക്കുള്ള നാലാമത് കേന്ദ്രമായി സരയാവോയിലേക്കുള്ള സർവീസ് ആരംഭിക്കുന്നതിൽ സന്തോഷിക്കുന്നതായി ഖത്തർ എയർവേയ്സ് ചീഫ് അക്ബർ അൽ ബാകിർ പറഞ്ഞു. ബോസ്നിയൻ തലസ്ഥാന നഗരമായ സരയാവോയിലേക്കുള്ള സർവീസ് ആരംഭിക്കുന്നതിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും രാജ്യത്തേക്കുള്ള പ്രധാന കവാടമെന്ന നിലയിൽ സരയാവോയിലേക്കുള്ള ബിസിനസ്, വിനോദ സഞ്ചാരികൾക്ക് പുതിയ സർവീസ് ഒരുപോലെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സർവീസ് ആരംഭിക്കുന്നതിലൂടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിനും തുടക്കം കുറിക്കുകയാണെന്നും വിവിധ മേഖലകളിലെ സഹകരണത്തിനും വികസനത്തിനും ഇത് ഗുണം ചെയ്യുമെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണെന്നും ഖത്തറിലെ ബോസ്നിയ–ഹെർസേഗോവിന അംബാസഡർ താരിക് സദോവിച് പറഞ്ഞു.12 ബിസിനസ് ക്ലാസുകളും 132 ഇകണോമി ക്ലാസുകളുമാണ് ഖത്തർ എയർവേയ്സിെൻറ സരയാവോയിലേക്കുള്ള എയർബസ് എ320 വിമാനത്തിലുണ്ടായിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.