നാട്ടിലേക്ക് മടങ്ങാൻ ദോഹ വിമാനത്താവളത്തിലെത്തിയ നദ
ദോഹ: നിനച്ചിരിക്കാതെ ഖത്തറിലുണ്ടായ വാഹനാപകടം തളർത്തിയ ശരീരവും തുടർന്നുണ്ടായ സങ്കീർണമായ നിയമക്കുരുക്കുകളെയും നേരിട്ട ഇന്ത്യൻ പെൺകുട്ടി ഏറെക്കാലമായുള്ള മോഹം സാക്ഷാത്കരിച്ച് ബംഗളൂരുവിൽ മാതാവിന്റെ സ്നേഹത്തണലിലേക്ക് വീണ്ടുമെത്തി.
വാഹനാപകടത്തെതുടർന്ന് ശരീരം തളർന്ന് ചികിത്സക്ക് നടുവിൽ ജീവിതം തള്ളിനീക്കി, നാടണയാനുള്ള മോഹവുമായി കാത്തിരിക്കെ യാത്രാനിരോധം നേരിട്ട നദ യസ്ദാനിയാണ് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് തിരിച്ചത്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കാരുണ്യവും സുമനസ്സുകളുടെ ഇടപെടലുമാണ് ഇവരുടെ മടക്കയാത്രക്ക് വഴിയൊരുക്കിയത്.
ബംഗളൂരു സ്വദേശി അൻജും അസ്മ അസീസിന്റെയും ഇറാനിയായ ഫരിദ് യസ്ദാനിയുടെയും ഏക മകളാണ് നദ. 2012ൽ ദോഹയിലുണ്ടായ വാഹനാപകടത്തിലാണ് നദയുടെയും കുടുംബത്തിന്റെയും ജീവിതം തകിടംമറിയുന്നത്. അന്ന് 15 വയസ്സായിരുന്നു നദക്ക്. ദോഹയിൽ മാതൃസഹോദരിയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ നദ, കൂട്ടുകാർക്കൊപ്പം സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. വാഹനമോടിച്ച സ്വദേശി പൗരൻ മരിക്കുകയും നദക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
തലക്കും നട്ടെല്ലിനും പരിക്കേറ്റ നദ ഏറെനാളത്തെ ചികിത്സക്കുശേഷം ഓർമകൾ വീണ്ടെടുക്കുമ്പോഴേക്കും ശരീരം തളർന്നിരുന്നു. ഇറാനിയായ പിതാവ് നേരത്തേതന്നെ കുടുംബവുമായുള്ള ബന്ധം ഒഴിവാക്കിയതിനാൽ ചികിത്സയും സംരക്ഷണവുമെല്ലാം നദയുടെ മാതൃബന്ധുക്കളുടെ ബാധ്യതയായി.
ദോഹയിലുള്ള മാതൃസഹോദരിയും പാലക്കാട് സ്വദേശിയായ ഇവരുടെ ഭർത്താവ് വിനോദും ജീവിതം ദുസ്സഹമായ കൊച്ചുമിടുക്കിക്ക് താങ്ങായി. ഇൻഷുറൻസ് തുകയും ഇവരുടെ സമ്പാദ്യവുമെല്ലാം നദയുടെ ചികിത്സക്കായാണ് ചെലവഴിച്ചത്. അപകടം സംഭവിക്കുമ്പോൾ സന്ദർശക വിസയിലായിരുന്ന നദക്ക് മെഡിക്കൽ എമർജൻസി പരിഗണിച്ച് താൽക്കാലിക വിസ അനുവദിച്ചിരുന്നു.
2014ൽ 6.04 ലക്ഷം റിയാൽ (അന്നത്തെ വിനിമയ നിരക്ക് പ്രകാരം ഒരു കോടി രൂപ) ഇൻഷുറൻസ് തുകയായി കോടതി വിധിച്ചു. അഭിഭാഷകന്റെ ഫീസ് കഴിഞ്ഞ് 4.74 ലക്ഷം റിയാലാണ് (80 ലക്ഷം രൂപ) നദക്ക് ലഭിച്ചത്. ഇതിനകം മാതൃസഹോദരിയുടെ ഭർത്താവ് വൻ തുക ചികിത്സക്കായി ചെലവഴിച്ചിരുന്നു.
നഷ്ടപരിഹാരമായി ലഭിച്ച തുക ഉപയോഗിച്ച് ജർമനിയിൽ പ്രധാന ശസ്ത്രക്രിയ ചെയ്ത് നാട്ടിലേക്കുള്ള യാത്രക്കിടെ 2019 ഡിസംബറിൽ ഖത്തറിലെത്തിയതായിരുന്നു നദ. ഏതാനും ദിവസം ഇവിടെ കഴിഞ്ഞ് മടങ്ങാനായിരുന്നു പദ്ധതി. കോവിഡ് വ്യാപനത്തെതുടർന്ന് യാത്ര മുടങ്ങിയതോടെ അവർ ഖത്തറിൽ കുടുങ്ങി. കോവിഡ് ശമിച്ചതോടെ 2021 നവംബറിൽ ജർമനിയിൽ നിന്നുള്ള ചികിത്സയുടെ തുടർച്ചയായി ഓട്ടോബോകിന്റെ ദുബൈ കേന്ദ്രത്തിലെത്തി തുടർചികിത്സ നടത്താനുള്ള പദ്ധതികളുമായി അൽ വക്റയിലെ വീട്ടിൽനിന്ന് പുറപ്പെട്ടപ്പോഴാണ് ജീവിതത്തിലെ മറ്റൊരു പരീക്ഷണം അവളെ തേടിയെത്തുന്നത്.
വീൽ ചെയറിൽ എയർപോർട്ടിൽ എത്തിയപ്പോഴാണ് തനിക്ക് യാത്രാവിലക്കുള്ള വിവരം അധികൃതർ പറയുന്നത്. നദയെ അപ്പാടെ തളർത്തുന്ന വാർത്തായിയിരുന്നു അത്. അപകട നഷ്ടപരിഹാരം വിധിച്ച് പുറപ്പെടുവിച്ച കോടതി വിധി ഇൻഷുറൻസ് കമ്പനിയുടെ അപ്പീലിനെതുടർന്ന് റദ്ദാക്കിയതായും കൈപ്പറ്റിയ ഇൻഷുറൻസ് തുകയായ 6.04 ലക്ഷം റിയാൽ പൂർണമായി കമ്പനിക്ക് തിരിച്ചുനൽകിയാൽ മാത്രമേ രാജ്യം വിട്ടുപോകാൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ അവരെ അറിയിക്കുകയായിരുന്നു.
2018ൽ ഉണ്ടായ ഈ ഉത്തരവ് വിമാനത്താവളത്തിൽ തടഞ്ഞപ്പോൾ മാത്രമാണ് കുടുംബം അറിയുന്നത്. ഇൻഷുറൻസ് തുകയെക്കാൾ കൂടുതൽ പണം വർഷങ്ങൾ നീണ്ട ചികിത്സക്കായി ചെലവഴിച്ച കുടുംബം എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുമ്പോഴാണ് ഖത്തറിലെ അഭിഭാഷകനും ജീവകാരുണ്യ പ്രവർത്തകനുമായ അഡ്വ. നിസാർ കോച്ചേരി വിഷയത്തിൽ ഇടപെടുന്നത്. പല വാതിലുകളും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.
നദയെക്കുറിച്ച് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത
നദ ഈ സമയത്ത് സന്ദർശക വിസയിലായിരുന്നു എന്നത് ഖത്തറിലെ ചാരിറ്റി സംഘടനകളിൽനിന്നും മറ്റും സഹായം ലഭിക്കുന്നതിന് തടസ്സമായി. വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ ഖത്തർ ആഭ്യന്തര മന്ത്രാലത്തിന്റെ സഹായത്തോടെയാണ് നദക്ക് നാട്ടിലേക്ക് തിരിക്കാനായത്. ഖത്തറിലും നാട്ടിലും കോച്ചേരി ആൻഡ് പാർട്ണേഴ്സ് ലീഗൽ കൺസൾട്ടൻറ്സ് നടത്തുന്ന അഡ്വ. നിസാർ കോച്ചേരി, ദോഹയിലെ സാമൂഹിക പ്രവർത്തകൻ അമീൻ ആസിഫ് അബ്ദുൽ റഷീദ് തുടങ്ങിയവരുടെ നിരന്തര ശ്രമഫലമായാണ് നാടണയാനുള്ള നദയുടെ മോഹം സാക്ഷാത്കരിച്ചത്. സുഡാനിയായ ഡോ. അലി മുബഷിർ ഫറാഗിന്റെ വലിയ ഇടപെടലും ഇവർക്ക് കരുത്തായി.
വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നെങ്കിലും സാമൂഹിക പ്രവർത്തകരുടെ ഇടപെടലും ഖത്തർ അധികൃതരുടെ സഹായവും കൊണ്ട് ഇൻഷുറൻസ് തുകയും മറ്റു പിഴകളും തിരിച്ചടക്കാതെതന്നെ ബംഗളൂരുവിലെത്താൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് നദയുടെ കുടുംബം. നദയുടെ അവസ്ഥ സൂചിപ്പിച്ച് 2023 മേയ് 31ന് ‘ഗൾഫ് മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.