ദോഹ: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള യു.കെ, കാനഡ, ആസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഖത്തർ. ഇത് ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങൾക്കുള്ള അംഗീകാരമാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ രക്ഷാസമിതിയുടെ പ്രമേയങ്ങൾക്കും അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുള്ള ന്യൂയോർക്ക് പ്രഖ്യാപനത്തിന് അനുസൃതമാണ്. മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാനുള്ള സാധ്യതകളെ വർധിപ്പിക്കുമെന്നും ദ്വിരാഷ്ട്ര പരിഹാരം എന്ന ലക്ഷ്യം നേടാനുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്ന നിർണായക ചുവടുവെപ്പാണെന്നും പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാത്ത മറ്റുള്ള എല്ലാ രാജ്യങ്ങളോടും സമാനമായ നടപടികൾ സ്വീകരിക്കാൻ ഖത്തർ ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾക്കും ദ്വിരാഷ്ട്ര പരിഹാരവും അടിസ്ഥാനമാക്കി 1967ലെ അതിർത്തികളിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.