ഖത്തറിൽ വാനര വസൂരി സ്ഥിരീകരിച്ചു

ദോഹ: ഖത്തറിൽ ആദ്യ വാനര വസൂരി (മങ്കി പോക്സ്​) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും മടങ്ങിയെത്തിയ വ്യക്​തിയിലാണ്​ രോഗം കണ്ടെത്തിയത്​. രോഗിയെ ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ച്​ ആവശ്യമായി ചികിത്സ നൽകിയതായി അറിയിപ്പിൽ വ്യക്​തമാക്കി. രോഗിയുമായി സമ്പർക്കം പുലർത്തിയ വ്യക്​തികളെ തിരിച്ചറിഞ്ഞ്​ ഇവരുടെ ആരോഗ്യ സ്ഥിതി 21 ദിവസത്തേക്ക്​ നിരീക്ഷിക്കും. ​

രോഗം എളുപ്പത്തിൽ തിരിച്ചറിയാനും, നി​യന്ത്രിക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി മ​ന്ത്രാലയം വ്യക്​തമാക്കി. രോഗ നിർണയത്തിന്​ ദേശീയ ലബോറട്ടറികൾ സജ്ജമാക്കിയതിനൊപ്പം രോഗ നിയന്ത്രണത്തിനുള്ള മാർഗനിർദേശങ്ങളും ആരോഗ്യവിഭാഗം തയ്യാറാക്കിയിട്ടുണ്ട്​.

ലോകാരോഗ്യ സംഘടനയുമായി ഏകോപിപ്പിച്ച്​ രാജ്യാന്തര തലത്തിലെയും മേഖലയിലെയും രോഗവ്യാപനം സംബന്ധിച്ച്​ സൂക്ഷ്മമായ നിരീക്ഷണം നടത്തുന്നതായും ആരോഗ്യ മന്ത്രാലയം വെബ്​സൈറ്റിൽ വിശദമാക്കി. യാത്രാക്കാർ ഉൾപ്പെടെയുള്ളവർ ആരോഗ്യ നിർദേശങ്ങൾ പാലിക്കുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യണം. വാനര വസൂരി സംബന്ധിച്ച്​ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും 16000 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്​. ​

ലോകാരോഗ്യ സംഘടനയുടെ വ്യാഴാഴ്ചത്തെ കണക്കു പ്രകാരം 70 രാജ്യങ്ങളിലായി 14,000 വാനര വസൂരി കേസുകളാണ്​ സ്ഥിരീകരിച്ചത്​. ഇന്ത്യയിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി രോഗം നേരത്തെ റിപ്പോർട്ട്​ ചെയ്തിരുന്നു.

വാനര വസൂരി

ശരീരത്തില്‍ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കും. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ പി.പി.ഇ കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, ലൈംഗിക ബന്ധം തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ 21 ദിവസം നിരീക്ഷണത്തിലായിരിക്കും.

സാധാരണഗതിയില്‍ വാനര വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. രണ്ടു മുതല്‍ നാല്​ ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്. 

Tags:    
News Summary - Monkeypox confirmed in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.