മീഡിയാ വണ്‍ ‘സംഗീത സപര്യ’ പുരസ്കാരം കെ. മുഹമ്മദ് ഈസക്ക്

ദോഹ: മീഡിയാ വണ്‍ ചാനലിന്‍െറ സംഗീത സപര്യ പുരസ്കാരം ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന കെ. മുഹമ്മദ് ഈസക്ക്. പതിറ്റാണ്ടുകളായി മാപ്പിളപ്പാട്ട് ഉള്‍പ്പെടെ സംഗീതത്തിന്‍െറ വിവിധ തുറകളില്‍ നടത്തുന്ന ആത്മാര്‍ഥമായ ഇടപെടലുകളും പ്രചോദനവും മുന്‍നിര്‍ത്തിയാണ് പുരസ്കാരം.
 ദോഹയില്‍ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മാപ്പിളപ്പാട്ടു മേഖലയിലെ ചെറുതും വലുതുമായ എണ്ണമറ്റ പ്രതിഭകള്‍ക്ക് കൈത്താങ്ങായി മാറാനും പ്രവാസലോകത്ത് അവരുടെ ഗാനസദസുകള്‍ക്ക് മുന്‍കൈയെടുക്കാനും കെ. മുഹമ്മദ് ഈസയെ പോലെ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചു വരുന്ന മറ്റൊരാള്‍ വേറെയില്ളെന്ന് അവാര്‍ഡ് ജൂറി വിലയിരുത്തി. 

മാപ്പിളപ്പാട്ട് എന്ന ഗാനശാഖയെ ഗള്‍ഫിലുടനീളം ജനകീയമാക്കി നിര്‍ത്താനുള്ള പരിശ്രമങ്ങള്‍ക്ക് കെ. മുഹമ്മദ് ഈസ നല്‍കുന്ന പിന്തുണ വളരെ വലുതാണ്. 
കല്യാണവീടുകളില്‍ മാത്രം പരിമിതമായിരുന്ന മാപ്പിളപ്പാട്ടിനെ ഏല്ലാ ജനവിഭാഗങ്ങള്‍ക്കും ഹൃദ്യമാക്കി മാറ്റാന്‍ പുറംദേശത്തു നടന്ന ശ്രമങ്ങളില്‍ മുന്നില്‍ നിന്നവരില്‍ എല്ലാക്കൊണ്ടും പ്രമുഖനാണ് കെ. മുഹമ്മദ് ഈസ. 
മാപ്പിളപ്പാട്ട് പ്രതിഭകള്‍ക്ക് മറ്റു സംഗീതധാരകളിലെ പ്രമുഖര്‍ക്ക് നല്‍കുന്ന അതേ സ്നേഹവായ്പും പിന്തുണയും ലഭിക്കണമെന്ന് മുഹമ്മദ് ഈസക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടു തന്നെ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാന്യമായ പ്രതിഫലവും ആദരവും ഉറപ്പാക്കാന്‍ ഇദ്ദേഹം യത്നിച്ചു. അതിന് നല്ല പ്രതികരണവും ഉണ്ടായി. 

പി.ടി അബ്ദുര്‍റഹ്മാന്‍, ചാന്ദ്പാഷ, വടകര കൃഷ്ണദാസ്, വിളയില്‍ ഫസീല, റംലാ ബീഗം, ആയിഷാ ബീഗം, എസ്.എ ജമീല്‍, വി.എം കുട്ടി, എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ്, ശൈലജ, രഹ്ന, സിബല്ല, ഐ.പി സീദ്ദീഖ്, എം.എ ഗഫൂര്‍, താജുദ്ദീന്‍ തുടങ്ങി പുതുതലമുറയിലെ ബെന്‍സിറ, റജിയ, നസീബ, ആര്യ മോഹന്‍ദാസ്, ബാദുഷ, സല്‍മാന്‍, റബീഉല്ല, ശ്രീക്കുട്ടി വരെ നീളുന്ന പ്രതിഭകള്‍ക്ക് ഈ മനുഷ്യന്‍ നല്‍കിയ പിന്തുണ ചെറുതല്ല. 
മാപ്പിളപ്പാട്ട് മേഖലയില്‍ മാത്രം അത് ഒതുങ്ങുന്നുമില്ല. എം.എസ് വിശ്വനാഥന്‍, രമാമൂര്‍ത്തി, ജിക്കിയമ്മ, ജമുനാ റാണി, കെ.എസ് ചിത്ര, സുജാത, വിദ്യാധരന്‍ മാസ്റ്റര്‍, എം.ജയചന്ദ്രന്‍, വി.ടി മുരളി, വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍,ജ്യോല്‍സ്ന, ശ്വേത മോഹനന്‍, മധു ബാലകൃഷ്ണന്‍ വരെയുള്ള മികച്ച പ്രതിഭകളും ഖത്തറില്‍ കെ.മുഹമ്മദ് ഈസയുടെ സ്നേഹവായ്പ് ലഭിച്ച അതുല്യപ്രതിഭകള്‍. 
സംഗീതത്തിന്‍െറ വഴിയില്‍ ജീവിതം അര്‍പ്പിച്ച് വിടവാങ്ങിയ പ്രതിഭകളുടെ കുടുംബാംഗങ്ങള്‍ക്ക് തുണയാകാനും കെ. മുഹമ്മദ് ഈസ മുന്നില്‍ നിന്നു. എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന പ്രകൃതം. മറ്റു താല്‍പര്യങ്ങളൊന്നും ഇല്ലാതെ കലയോടും കലാകാരനോടുമുള്ള അഭിനിവേശം, അതാണ് കെ. മുഹമ്മദ് ഈസയെ വ്യത്യസ്തനാക്കുന്നതും. 

രോഗാതുര ഘട്ടങ്ങളില്‍ പല പ്രതിഭകള്‍ക്കും ഇദ്ദേഹം തുണയായി. വിവരം അറിയേണ്ട താമസം ഓടിയത്തെി ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കി. ഇതിനായി ആശ എന്ന കൂട്ടായ്മക്കും രൂപം നല്‍കി. 
എം.എസ് ബാബുരാജിന്‍െറ കുടുംബത്തിന് വീട് വെച്ചു നല്‍കുന്നതുള്‍പ്പെടെ ആശ നിര്‍വഹിച്ച സാമൂഹിക ദൗത്യങ്ങളുടെ പട്ടിക വളരെ വലുത്. കായിക മേഖലയിലും ജീവകാരുണ്യ രംഗത്തും നടത്തുന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വേറെയും.
ഈ മാസം പത്തിന് ഖത്തറില്‍ നടക്കുന്ന പതിനാലാം രാവിന്‍െറ ഗ്രാന്‍റ് ഫിനാലെ ചടങ്ങില്‍, പ്രമുഖരുടെ സാന്നിധ്യത്തിലാകും മീഡിയാ വണ്‍ സമഗീത സപര്യ പുരസ്കാരം കെ. മുഹമ്മദ് ഈസക്ക് സമ്മാനിക്കുക.
 

Tags:    
News Summary - mediaone award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.