ഡോ. മൻസൂർ ഹുദവി
ദോഹ: ഇംഗ്ലീഷിലെഴുതി ലോകസാഹിത്യത്തിൽ മുൻനിരയിൽ സ്ഥാനമലങ്കരിക്കുന്ന ഇന്ത്യൻ എഴുത്തുകാരെ അറബ് സാഹിത്യലോകത്തിന് പരിചയപ്പെടുത്തി ഖത്തറിലെ മലയാളി അധ്യാപകൻ. ആർ.കെ. നാരായണ്‍, അരുന്ധതി റോയ്, അരവിന്ദ് അഡിഗ, കിരണ്‍ ദേശായ്, ശശി തരൂർ, അമിതാവ് ഗോഷ്, കുഷ്വന്ത് സിങ് തുടങ്ങി ഇരുപതോളം ഇന്ത്യൻ-ആംഗ്ലോ എഴുത്തുകാരുടെ നോവലുകളിലൂടെ സഞ്ചരിച്ച്, അവരെ അറബി ഭാഷയിൽ പുതുവായന ലോകത്തിന് പരിചയപ്പെടുത്തുന്ന ദൗത്യമേറ്റെടുത്തത് ഖത്തറിലെ രാജഗിരി പബ്ലിക്ക് സ്കൂൾ അറബിക് അധ്യാപകനും മഞ്ചേരി പുല്ലൂർ സ്വദേശിയുമായ ഡോ. മൻസൂർ ഹുദവിയാണ്.
ഇന്ത്യന്‍ നോവലിസ്റ്റുകളെയും അവരുടെ കൃതികളെയും അറബ് വായനക്കാർക്ക് പരിചയപ്പെടുത്തുന്ന 'ഇന്ത്യന്‍ ഇംഗ്ലീഷ് നോവലുകളിലൂടെ' എന്ന പുസ്തകമാണ് പ്രസിദ്ധീകരണത്തിനൊരുങ്ങുന്നതെന്ന് ഡോ. മന്‍സൂർ ഹുദവി പറഞ്ഞു. അറബ് ലോകത്തെ പ്രമുഖ പ്രസാധകരായ മദാരിക് പബ്ലിഷേഴ്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. യമനിലെ തൈസ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. ഹമീദ് അൽ ഉമരിയാണ് ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.ഗ്രന്ഥകർത്താക്കളെ പരിചയപ്പെടുത്തുന്നതോടൊപ്പം, അവരുടെ തിരഞ്ഞെടുത്ത നോവലുകളെക്കുറിച്ചുള്ള തന്റെ വായനാനുഭവം പങ്കുവെക്കുകകൂടി ചെയ്യുന്നു ഗ്രന്ഥകർത്താവ്. ജീവിച്ചിരിക്കുന്ന നോവലിസ്റ്റുകൾ, സ്ത്രീ എഴുത്തുകാർ, മരിച്ച നോവലിസ്റ്റുകൾ എന്നിങ്ങനെ മൂന്ന് ഭാഗമായാണ് പുസ്തകത്തിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ നോവലുകളെക്കുറിച്ച് എഴുതപ്പെടുന്ന ആദ്യ അറബിക് കൃതി എന്ന സവിശേഷത കൂടി ഗ്രന്ഥത്തിനുണ്ട്. കൊണ്ടോട്ടി ഗവ. കോളജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസർ ഡോ. ആബിദ ഫാറൂഖിയുടെ നിർദേശ പ്രകാരമാണ് പഠനത്തിനുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തതെന്ന് മൻസൂർ ഹുദവി പറഞ്ഞു. 'അല്‍ റാബിത്വ'യുടെ മികച്ച ലേഖനത്തിനുള്ള 2019ലെ അവാര്‍ഡ് ജേതാവ് കൂടിയായ മന്‍സൂര്‍ ഹുദവി, നിരവധി അന്താരാഷ്ട്ര അറബിക് പ്രസിദ്ധീകരണങ്ങളില്‍ അക്കാദമിക് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. യു.എന്‍ ജനറല്‍ അസംബ്ലിയിലടക്കം വിവിധ ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ ശ്രദ്ധേയമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുമുണ്ട്. അനഹ്ദ അറബിക് മാഗസിന്റെ എഡിറ്റോറിയൽ അംഗവും കോളമിസ്റ്റുമാണ്. മലപ്പുറം മഞ്ചേരി പുല്ലൂരിലെ പരേതനായ കട്ടിലശ്ശേരി മീരാന്‍ ഫൈസി - ടി.പി. നഫീസ ദമ്പതികളുടെ മകനാണ്. ഹസനത്താണ് ഭാര്യ. റാജി ജവാദ്, നവാൽ നൂർ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.