അന്തരീക്ഷത്തിൽനിന്ന് കുടിവെള്ളം ഉൽപാദിപ്പിക്കും; സൗരോർജ സംവിധാനവുമായി ലഖ്‌വിയ
ദോഹ: അന്തരീക്ഷത്തിലെ ഈർപ്പത്തിൽ നിന്ന് കുടിവെള്ളം ഉൽപാദിപ്പിക്കുന്ന പുതിയ സംവിധാനം വികസിപ്പിച്ചെടുത്ത് ഖത്തറിലെ ആഭ്യന്ത സുരക്ഷാ സേനയായ ലഖ്‌വിയ. ലഖ്‌വിയയുടെ കീഴിലുള്ള സെക്യൂരിറ്റി ടെക്നോളജീസ് ഡിപ്പാർട്ട്മെന്റാണ് അന്താരാഷ്ട്ര സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ഈ നേട്ടം കൈവരിച്ചത്. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നേട്ടം.അന്താരാഷ്ട്ര സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ സംവിധാനത്തിലൂടെ കുടിവെള്ളം ഉൽപാദിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ദോഹയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ബദർ സഅദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരിയുടെ സ്മരണക്കായി ഉപകരണത്തിന് ‘ബദർ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
വ്യത്യസ്ത ഫീൽഡ് ആവശ്യങ്ങൾക്കായി രണ്ട് മോഡലുകളാണ് ഈ പുതിയ സംവിധാനത്തിലുള്ളത്. ഒന്നാമത്തെ മോഡൽ കെട്ടിടങ്ങൾക്കുള്ളിൽ ഇൻഡോറായി ഉപയോഗിക്കാൻ തക്കവണ്ണം രൂപകൽപ്പന ചെയ്തതാണ്. ഇതിന് പ്രതിദിനം 200 ലിറ്റർ വരെ വെള്ളം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. രണ്ടാമത്തെ മോഡൽ വലിയ തോതിൽ വെള്ളം ആവശ്യമുള്ള സ്ഥലങ്ങൾക്കായി പ്രത്യേകമായി നിർമിച്ചതാണ്. ഇതിന്റെ പ്രതിദിന ഉത്പാദന ശേഷി 5,000 ലിറ്റർ വരെയാണ്.
സൗരോർജത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. രാസ, റേഡിയോ ആക്ടീവ് മലിനീകരണങ്ങളുടെ സാന്നിധ്യത്തിൽ പോലും കാര്യക്ഷമമായി പ്രവർത്തിക്കുന്ന തരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധികളിലും ഇൻഡോർ സജ്ജീകരണങ്ങൾക്കും ഫീൽഡ് സൈറ്റുകൾക്കും ആവശ്യമായ കുടിവെള്ളം തടസ്സമില്ലാതെ ലഭ്യമാക്കാൻ ഈ സംവിധാനം വഴി സാധിക്കും. സാങ്കേതിക വികസനത്തിലൂടെ സുരക്ഷാ-പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാനുള്ള ഖത്തറിന്റെ മുന്നേറ്റത്തിലെ പ്രധാന നാഴികക്കല്ലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.