ലോകകപ്പ് വളന്റിയർമാർക്ക് ആദരമായി കെ.എം.സി.സി സംഘടിപ്പിച്ച ‘സല്യൂട്ട് ഖത്തർ’
ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഫിഫ ലോകകപ്പിന് വളന്റിയറായി പ്രവർത്തിച്ച കെ.എം.സി.സി പ്രവർത്തകരെ ഖത്തർ സംസ്ഥാന കമ്മിറ്റി ആദരിച്ചു. ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ‘സല്യൂട്ട് ഖത്തർ’ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. 20,000ത്തോളം ഫിഫ വളന്റിയർമാരിൽ 5000ത്തോളം പേർ ഇന്ത്യക്കാർ ആണെന്നതിൽ അഭിമാനിക്കുന്നതായി ദീപക് മിത്തൽ പറഞ്ഞു. ഇന്ത്യൻ വളന്റിയർമാർ ഈ ലോകകപ്പ് വേളയിൽ നൽകിയ സേവനങ്ങൾ രാജ്യത്തിന് അഭിമാനിക്കത്തക്കതാണ്. ഫിഫ വളന്റിയർ സ്ട്രാറ്റജി മാനേജർ നാസർ അൽ മുഗൈസിബ്, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ ആയിഷ മസൂദ്, ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങൾക്ക് ഇരിപ്പിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിയ കോസ്റ്റൽ ഗ്രൂപ്പിന്റെ ഉടമ നിഷാദ് അസീം, ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് വി. നായർ തുടങ്ങിയവർ അതിഥികളായിരുന്നു.
ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട ഇന്ത്യൻ വളന്റിയർമാരുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും അതിൽ വനിതകൾ അടക്കമുള്ള കെ.എം.സി.സിയുടെ ഇത്രയേറെ വളന്റിയർമാർ പങ്കെടുത്തത് ഏറെ സന്തോഷം നൽകുന്നുവെന്നും നാസർ മുഗൈസിബ് പറഞ്ഞു. വളന്റിയർമാരെ ആദരിക്കാൻ ചടങ്ങ് സംഘടിപ്പിച്ച കെ.എം.സി.സിയെ അദ്ദേഹം അഭിനന്ദിച്ചു. ഖത്തർ പോലുള്ള ചെറുരാജ്യത്ത് ലോകകപ്പ് അരങ്ങേറുമ്പോൾ അതിന്റെ ഭാഗമാവുകയും പ്രവർത്തിക്കുകയും ചെയ്ത ഇന്ത്യക്കാരായ വളന്റിയർമാരെ ആയിഷ മസൂദ് അഭിനന്ദിച്ചു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി വൈസ് പ്രസിഡന്റ് കമ്പിൽ മമ്മുവിന് ചടങ്ങിൽ അംബാസഡർ മെമന്റോ നൽകി ആദരിച്ചു. സ്നേഹസുരക്ഷ പദ്ധതി ചെയർമാൻ എം.ടി.പി. മുഹമ്മദ് കുഞ്ഞി, നീതിഭദ്ര ചെയർമാൻ അഡ്വ. ജാഫർ ഖാൻ, കെ.എം.സി.സി ഓൺലൈൻ മെംബർഷിപ് കാമ്പയിന് സ്വന്തമായി ആപ് നിർമിച്ചുനൽകിയ ഐ.ടി വിങ് ചെയർമാൻ അനീസ് നരിപ്പറ്റ, മികച്ച പ്രവർത്തനങ്ങൾ നടത്തിയ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി, സ്പോർട്സ് വിങ്, ധിഷണ, മീഡിയ വിങ് എന്നീ സബ് കമ്മിറ്റികളെയും ചടങ്ങിൽ ആദരിച്ചു. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അൻവർ സാദത്ത്, റാഷിദ് മഹ്മൂദ് എന്നിവരെയും ആദരിച്ചു. കെ.എം.സി.സി അംഗങ്ങളായ അഞ്ഞൂറോളം വളന്റിയർമാർ ആണ് ഓൺലൈനായി രജിസ്റ്റർ ചെയ്തത്.
ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് നരിക്കുനി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എസ്.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഒ.എ. കരീം, എ.വി.എ. ബക്കർ, കെ.പി. ഹാരിസ്, ഫൈസൽ അരോമ, പി.കെ. മുസ്തഫ ഹാജി, സ്റ്റാർ മുസ്തഫ എലത്തൂർ, റഈസ് അലി, കോയ കൊണ്ടോട്ടി, അഷ്റഫ് കനവത്ത് തുടങ്ങിയവർ ചടങ്ങ് നിയന്ത്രിച്ചു. 98.6 എഫ്.എം റേഡിയോ മലയാളം പ്രതിനിധി നൗഫൽ അബ്ദുൽ റഹ്മാൻ, റേഡിയോ സുനോ ന്യൂസ് എഡിറ്റർ നിസ, കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ എം.പി. മുഹമ്മദ് ഷാഫി ഹാജി, അംഗങ്ങളായ ഇസ്മയിൽ ഹാജി വെങ്ങശ്ശേരി, സലീം നാലകത്ത് എന്നിവരും സംബന്ധിച്ചു. ട്രഷറർ കെ.പി. മുഹമ്മദലി ഹാജി നന്ദി പറഞ്ഞു. മുജീബ് ദേവർകോവിൽ, സിദ്ദീഖ് വാഴക്കാട്, മുഹമ്മദലി തിരുവമ്പാടി എന്നിവരുടെ നേതൃത്വത്തിലുള്ള വളന്റിയർ സംഘം സദസ്സ് നിയന്ത്രിച്ചു.
ദോഹ: ഖത്തറിലെ ഫിഫ ലോകകപ്പില്‍ വളന്റിയർമാരായി സേവനം അനുഷ്ഠിച്ച പടന്ന പഞ്ചായത്തിൽനിന്നുള്ളവരെ ഖത്തർ കെ.എം.സി.സി പടന്ന പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
തുമാമയിലുള്ള കെ.എം.സി.സി ഹാളിൽ ഖത്തർ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം. ബഷീർ മൊമെന്റോ നൽകി ആദരിച്ചു. കെ.എം.സി.സി പടന്ന പഞ്ചായത്ത് ജനറൽ സെക്രട്ടറി അബീ മാർസാദ് അധ്യക്ഷത വഹിച്ചു. എം.വി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. എ.വി. റാഷിദ്, എ.വി. അനീസ്, എ.എം. ഇഖ്ബാൽ എന്നിവർ സംസാരിച്ചു. പി.കെ.സി. സിറാജ്, സുല്ഫത് താഹ, ഷജ്ന അബ്ദുൽ നാസർ, സുഹൈർ ഇസ്മായിൽ, ബി.സി. സുഹൈൽ, നഷാത് മൊയ്ദീൻ, ഷമീം മൈലാഞ്ചി എന്നിവരെയാണ് ആദരിച്ചത്. ജോയന്റ് സെക്രട്ടറി സുഫൈജ് നന്ദി പറഞ്ഞു.
ലോകകപ്പില്‍ വളന്റിയർമാരായി സേവനം അനുഷ്ഠിച്ച പടന്ന പഞ്ചായത്തിൽനിന്നുള്ളവരെ
ഖത്തർ കെ.എം.സി.സി പടന്ന പഞ്ചായത്ത് കമ്മിറ്റി ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.