ദോഹ: ഡിജിറ്റൽ പരിവർത്തനത്തിനും പൊതു സേവനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതിയുടെ ഭാഗമായി, ഉപഭോക്തൃ ഡേറ്റ ബേസ് അപ്ഡേഷൻ പ്രോജക്ട് പൂർത്തിയാക്കിയതായി ഖത്തർ ജല വൈദ്യുതി വകുപ്പ് കഹ്റമ അറിയിച്ചു.
ഈ പ്രോജക്റ്റിലൂടെ ഒമ്പത് ലക്ഷത്തിലധികം റീഡിങ് മീറ്ററുകളുടെ അപ്ഡേഷനും 70 ലക്ഷത്തിലധികം രേഖകളുടെ കൃത്യത ഉറപ്പുവരുത്തുകയും ചെയ്തു. കൂടാതെ, 13,000ത്തിലധികം സർവിസ് ബോക്സുകളുടെ പരിപാലനവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഉപഭോക്തൃ ഡേറ്റ പരിശോധനയിലൂടെ അപ്ഡേറ്റ് ചെയ്ത പ്രൊഫൈലുകൾ വഴി ആശയവിനിമയ കൃത്യത വർധിപ്പിക്കുകയും ഉയർന്ന നിലവാരമുള്ള സേവനം ഉറപ്പാക്കുകയും ചെയ്തു. കേടായ കേബിൾ കണക്ഷനുകൾ കണ്ടെത്തി തകരാറുകൾ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ശ്രമങ്ങൾ കഹ്റമയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും ജല-വൈദ്യുതി വിതരണ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും ഉപഭോക്താക്കൾക്ക് സ്മാർട്ട് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും സഹായകമായി. രാജ്യത്തിന്റെ സുസ്ഥിര വികസന നയങ്ങളെ പിന്തുണക്കുന്നതിനും വരുംതലമുറകൾക്കായി സമ്പന്നമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള കഹ്റമയുടെ ശ്രമങ്ങളുടെ തുടർച്ചയാണിത്.
ജല-വൈദ്യുതി മേഖലകളിലെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും വർധിപ്പിക്കുന്നതിലൂടെ, ഖത്തർ ദേശീയ വിഷൻ 2030ന്റെയും മൂന്നാമത് നാഷനൽ ഡെവലപ്മെന്റ് സ്ട്രാറ്റജിയുടെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ പുരോഗതിയെ പിന്തുണക്കുന്നതിനുമുള്ള പാതയിൽ സുപ്രധാന ചുവടുവെപ്പാണിതെന്ന് കഹ്റമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.