ദോഹ: ഈ വർഷത്തെ ആദ്യ പകുതിയിൽ ജാസിം ആൻഡ് ഹമദ് ബിൻ ജാസിം ചാരിറ്റബിൾ ഫൗണ്ടേഷൻ ഖത്തറിൽ വിതരണം ചെയ്തത് 6,799,446 ഖത്തർ റിയാലിന്റെ സഹായങ്ങൾ.
സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരുകയെന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി വ്യക്തികൾക്കും കുടുംബങ്ങൾക്കും സാമ്പത്തിക -ഭക്ഷ്യവിഭവങ്ങളും നൽകിയിട്ടുണ്ട്. കൂടാതെ, വിവിധ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും നിരവധിയാർന്ന സഹായം വിതരണം ചെയ്തിട്ടുണ്ട്.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ ഉയർത്തിക്കൊണ്ടുവരുന്നതിനായി ഫൗണ്ടേഷന്റെ വലിയ പ്രാധാന്യം നൽകുന്നു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം 3,389,284 റിയാലാണ് ഈ രണ്ട് മേഖലകളിലായി സഹായം നൽകിയത്. സ്വകാര്യ, കമ്യൂണിറ്റി സ്കൂളുകളിലെ വിവിധ തലങ്ങളിലുള്ള വിദ്യാർഥികളുടെയും സർവകലാശാല വിദ്യാർഥികളുടെയും സ്കൂൾ ഫീസ് ഇനത്തിൽ നൽകിയ സഹായം ഇതിൽ ഉൾപ്പെടുന്നു. സാമ്പത്തിക തടസ്സങ്ങളില്ലാതെ വിദ്യാർഥികൾക്ക് അവരുടെ പഠനം തുടരാൻ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ആരോഗ്യ മേഖലയിൽ ഹമദ് മെഡിക്കൽ കോർപറേഷനുമായുള്ള കരാറിന്റെ ഭാഗമായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിരവധി രോഗികൾക്ക് ഫൗണ്ടേഷന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ട്.
കുടുംബങ്ങളുടെ സുരക്ഷിതവും സുസ്ഥിരമായ ജീവിതം ഉറപ്പാക്കുന്നതിന് സാമ്പത്തികവും ഭൗതികവുമായ വിഭവങ്ങളുടെ പ്രാധാന്യം ജാസിം ആൻഡ് ഹമദ് ബിൻ ജാസിം ചാരിറ്റബിൾ ഫൗണ്ടേഷൻ മനസ്സിലാക്കി സഹായങ്ങൾ ലഭ്യാമാക്കുന്നുണ്ട്. സഹായം ആവശ്യമായ കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ഫലപ്രദമായ സംവിധാനം ഫൗണ്ടേഷൻ നടപ്പാക്കുന്നു.
ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് ആവശ്യമായ സാമ്പത്തിക, ഭക്ഷ്യവിഭവ സഹായങ്ങൾ എല്ലാ മാസവും നൽകുന്നുണ്ട്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം 3,410,165 റിയാലിന്റെ സഹായങ്ങളാണ് നൽകിയത്.
സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങൾക്ക് തുടർച്ചയായി സാമൂഹിക പിന്തുണ നൽകുകയും സഹായിക്കുകയും ചെയ്യുന്നതിലൂടെ അവർ നേരിടുന്ന സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കാനും സാധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.