ഇൻകാസ് ജില്ല കൂട്ടായ്മ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം
ദോഹ: ഏറെ കാലത്തിന് ശേഷം സംസ്ഥാനനേതാക്കൾ സന്ദർശനത്തിനെത്തിയപ്പോൾ ഗ്രൂപ്പിസത്തിലും ഭിന്നതയിലും ശമനമില്ലാതെ ഖത്തർ ഇൻകാസ്. കേരളരാഷ്ട്രീയത്തിലെ തീപ്പൊരിനേതാക്കളായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും അണികളെ ആവേശഭരിതമാക്കിയെത്തിയപ്പോഴും ഇരുപക്ഷത്തെയും ഭിന്നതക്ക് ശമനമായില്ല. ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമലയുടെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റിയുടെ ക്ഷണിതാക്കളായാണ് ഷാഫിയും രാഹുലും ഏതാനും ദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തിയത്.
ഓൾഡ് ഐഡിയൽ സ്കൂളിൽ ഇവർ പങ്കെടുത്ത ഇഫ്താർ സംഗമവും സ്പോർട്സ് മീറ്റ് സമ്മാനവിതരണവും നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, അതേ ദിവസം തന്നെ ജില്ല കൂട്ടായ്മകളുടെ പേരിൽ ഇഫ്താർ സംഗമം പ്രഖ്യാപിച്ചായിരുന്നു മറുവിഭാഗത്തിന്റെ മറുപടി. സംസ്ഥാന നേതാക്കളുടെ പരിപാടിയിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തിയപ്പോൾ, എതിർ വിഭാഗത്തിന്റെ സദസ്സും മോശമായില്ല. 800ഓളം പേർ ജില്ല കൂട്ടായ്മയുടെ പരിപാടിയിലും പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു.
ബദൽ നോമ്പുതുറ ഒഴിവാക്കാൻ സംസ്ഥാന നേതാക്കളുടെ ഇടപെടലിലൂടെ ശ്രമിച്ചിട്ടും ഫലംകണ്ടില്ല. നേരത്തെ പ്രഖ്യാപിച്ചതിനാൽ പരിപാടി മാറ്റിവെക്കാനാവില്ലെന്നും ഇവർ ഷാഫി പറമ്പിലിനെ അറിയിച്ചു. വർഷത്തിലേറെയായി തുടരുന്ന അഭിപ്രായവ്യത്യാസങ്ങളുടെയും ചേരിതിരിവിന്റെയും തുടർച്ചയെന്നോണമാണ് പ്രധാന നേതാക്കളുടെ സന്ദർശനത്തിലും പ്രകടമായത്.
ഇൻകാസ് നേതാക്കളും ജില്ല ഭാരവാഹികളുമായ ഹൈദർ ചുങ്കത്തറ, എ.പി. മണികണ്ഠൻ, ബഷീർ തുവാരിക്കൽ, കെ.വി. ബോബൻ, ജോപ്പച്ചൻ തെക്കേകൂറ്റിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബദൽ ഇഫ്താർ സംഗമം. തൃശൂർ, എറണാകുളം ജില്ല കമ്മിറ്റിയിൽനിന്നായിരുന്നു ഈ പരിപാടിയിൽ പ്രവർത്തകർ ഏറെയും പങ്കെടുത്തത്.
അതേസമയം, പാലക്കാടിന്റെ എം.എൽ.എയായ ഷാഫി പറമ്പിലിന്റെ പരിപാടിയിൽനിന്ന് സ്വന്തം ജില്ല നേതൃത്വം വിട്ടുനിന്നത് ശ്രദ്ധേയമായി. എന്നാൽ, ജില്ല പ്രസിഡന്റ് ഷാഫിയുമായി കൂടിക്കാഴ്ച നടത്തി പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യമുന്നയിച്ചു.
ഏറെ കാലമായി തുടരുന്ന അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ കഴിഞ്ഞ നവംബറിൽ ഇന്‍കാസ് വൈസ് പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കെക്കൂറ്റിനെതിരെ കെ.പി.സി.സി പ്രസിഡന്റ് നടപടി സ്വീകരിച്ചതാണ് സ്ഥിതി വഷളാക്കാൻ ഇടയാക്കിയത്. ഖത്തര്‍ ഇന്ത്യന്‍ എംബസി അനുബന്ധ വിഭാഗമായ ഐ.സി.സിയിലേക്ക് 2020 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിച്ച ജൂട്ടാസ് പോളിനെതിരെ പരസ്യമായി രംഗത്തുവരുകയും എതിര്സ്ഥാനാർഥിക്കുവേണ്ടി വോട്ടുമറിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തുവെന്ന പരാതിയിലായിരുന്നു ജോപ്പച്ചനെതിരെ നടപടി. തുടർന്ന്, മുതിർന്ന നേതാവും ഒ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ സിദ്ദീഖ് പുറായിൽ സ്ഥാനം രാജിവെച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ദേശീയ കായികദിനത്തിൽ സെൻട്രൽ കമ്മിറ്റി നടത്തിയ പരിപാടിയുമായി സഹകരിക്കാതെ ബദൽ പരിപാടി നടത്തിയതിന് എറണാകുളം ജില്ല പ്രസിഡന്റ് അബ്ദുറഹീം, തൃശൂർ ജില്ല പ്രസിഡന്റ് കമാൽ കല്ലാത്തയിൽ എന്നിവർക്കെതിരെ കെ.പി.സി.സി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.