ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഐ.സി.സി ഗാന്ധി ജയന്തി ദിനാചരണ പരിപാടിയിൽനിന്ന്
ദോഹ: ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) ഗാന്ധി ജയന്തി ദിനാചരണം വ്യാഴാഴ്ച ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രത്യേക ഏകാംഗ നാടകം അവതരിപ്പിച്ചു. ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ ആമുഖ പ്രസംഗം നടത്തി.
മുഖ്യാതിഥിയായിരുന്ന ഇന്ത്യൻ അംബാസഡർ വിപുൽ അഭിസംബോധന ചെയ്തു. ലളിത ജീവിതത്തെക്കുറിച്ചും പ്രകൃതിയെ പരിപാലിക്കുന്നതിനെക്കുറിച്ചുമുള്ള ഗാന്ധിയുടെ കാഴ്ചപ്പാട് അദ്ദേഹം എടുത്തുപറഞ്ഞു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഗാന്ധിജിയുടെ സത്യം, അഹിംസ എന്നീ തത്ത്വങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു. പ്രശസ്ത സിനിമാ നാടക കലാകാരനായ മകരന്ദ് ദേശ്പാണ്ഡെ അവതരിപ്പിച്ച 'ഗാന്ധി' എന്ന ഏകാംഗ നാടകം പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. ‘സുസ്ഥിരമായ ഭൂമി, ഉത്തരവാദിത്തമുള്ള ജീവിതം - ഗാന്ധിയൻ മാർഗം’ എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള റോൾ പ്ലേ ഡിബേറ്റ്, ക്ലൈമറ്റ് ഫിക്ഷൻ റൈറ്റിങ്, പോസ്റ്റർ മേക്കിങ് തുടങ്ങിയ മത്സരങ്ങൾ ഉൾപ്പെടെ, ഗാന്ധി ജയന്തിയുടെ ഭാഗമായി ഐ.സി.സി ഒരാഴ്ചയായി സംഘടിപ്പിച്ച പ്രവർത്തനങ്ങളുടെ സമാപനം കൂടിയായിരുന്നു ഈ ചടങ്ങ്. വിജയികൾക്കും വിധികർത്താക്കൾക്കും ക്ഷണിക്കപ്പെട്ട കലാകാരന്മാർക്കും ട്രോഫികളും മെമന്റോകളും ചടങ്ങിൽ സമ്മാനിച്ചു.ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് സ്വാഗതവും ഐ.സി.സി എച്ച്.ആർ, അഡ്മിൻ ആൻഡ് കോൺസുലാർ വിഭാഗം മേധാവി രാകേഷ് വാഗ് നന്ദിയും പറഞ്ഞു. ഇന്ത്യൻ എംബസി കൗൺസിലർ (ചാൻസറി ആൻഡ് കോൺസുലാർ വിഭാഗം മേധാവി) ഡോ. വൈഭവ് എ. തണ്ടാലെ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.സി അഡ്വൈസറി കൗൺസിൽ പ്രസിഡന്റ് പി.എൻ. ബാബു രാജൻ, ഐ.സി.സി. മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അസോസിയേറ്റ് സംഘടനകളുടെ പ്രസിഡന്റുമാർ, മറ്റ് മുതിർന്ന കമ്മ്യൂണിറ്റി നേതാക്കൾ എന്നിവരുൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.