ഐ.സി.ബി.എഫ് പ്രസിഡന്റ് സ്ഥാനാർഥികൾ: ഷാനവാസ് ബാവ, സാബിത് സഹീർ, സിഹാസ് ബാബു
ഐ.സി.സി പ്രസിഡന്റ് സ്ഥാനാർഥികൾ: എ.പി. മണികണ്ഠൻ, ഷെജി വലിയകത്ത്
ഐ.എസ്.സി പ്രസിഡന്റ് സ്ഥാനാർഥികൾ: ഇ.പി. അബ്ദുൽ റഹ്മാൻ, ആഷിഖ് അഹമ്മദ്
ദോഹ: ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡി തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും കഴിഞ്ഞതിനു പിന്നാലെ തെരഞ്ഞെടുപ്പ് ചൂടിൽ പ്രവാസി സമൂഹം. ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) തുടങ്ങി അനുബന്ധ സംഘടനകളിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പ് ജനുവരി 31നാണ് ഓൺലൈൻ വഴി നടക്കുന്നത്.
സ്ഥാനാർഥി നാമനിർദേശവും സൂക്ഷ്മ പരിശോധനയും ജനുവരി 18ഓടെ പൂർത്തിയായപ്പോൾ വോട്ട് പിടിത്തവും വോട്ടുറപ്പിക്കലുമായി പ്രചാരണവും സജീവമായി. സ്ഥാനാർഥി നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 23 ആണ്. 24ന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ മത്സര ചിത്രം പൂർണമാകും. നിലവിൽ സാധുവായ സ്ഥാനാർഥി പട്ടികയുമായി സമൂഹ മാധ്യമങ്ങൾ വഴിയും നേരിട്ടുമായി വോട്ടെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ചും വാട്സ്ആപ് വഴി വ്യക്തികളോട് നേരിട്ട് വോട്ടഭ്യർഥിച്ചുമാണ് പ്രചാരണങ്ങൾ സജീവമാകുന്നത്. ഇന്ത്യൻ എംബസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വോട്ടെടുപ്പ് നടത്തുന്നത്. അപെക്സ് ബോഡി അംഗങ്ങൾക്കാണ് അതത് സംഘടനകളിലേക്ക് വോട്ടവകാശമുള്ളത്.
മൂന്ന് സംഘടനകളുടെയും നിലവിലെ പ്രസിഡന്റുമാർ രണ്ടാമൂഴം തേടി രംഗത്തിറങ്ങുമ്പോൾ എതിരാളികളായും ശക്തരായ സ്ഥാനാർഥികൾ രംഗത്തുണ്ട്. ഐ.സി.ബി.എഫ് പ്രസിഡന്റ് പദവിയിലേക്ക് ത്രികോണ മത്സരത്തിനും ഇത്തവണ വഴി തെഴിഞ്ഞു.
പ്രവാസി ഇന്ത്യക്കാരുടെ സാംസ്കാരിക വിഭാഗമായ ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ അധ്യക്ഷൻ എ.പി മണിക്ണഠനും മുൻ ഐ.എസ്.സി-ഐ.ബി.പി.സി വൈസ് പ്രസിഡന്റ് പദവികൾ വഹിച്ച ഷെജി വലിയകത്തുമാണ് മാറ്റുരക്കുന്നത്. ഐ.സി.സി മാനേജ്മെന്റ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് നന്ദിന അബ്ബഗൗനി, ശാന്താനു സി. ദേശ്പാണ്ഡേ, അഫ്സൽ അബ്ദുൽ മജീദ്, എബ്രഹാം ജോസഫ്, അനു ശർമ, അനിഷ് ജോർജ് മാത്യു, ഷൈനി കബീർ, അനിൽ ബോളോർ എന്നിവരും മത്സര രംഗത്തുണ്ട്.
ഐ.സി.ബി.എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ അധ്യക്ഷൻ ഷാനവാസ് ബാവയും മുൻ ജനറൽ സെക്രട്ടറി സാബിത് സഹീറും തമ്മിലാണ് പ്രധാനമത്സരം. മൂന്നാമനായി സിഹാസ് ബാബു മേലെയിലും പ്രസിഡന്റ് സ്ഥാനാർഥിയായി രംഗത്തുണ്ട്.
മാനേജിങ് കമ്മിറ്റിയിലേക്ക് നിർമല ഗുരു, ജാഫർ തയ്യിൽ, ദീപക് ഷെട്ടി, റഷീദ് അഹമ്മദ്, ദിനേഷ് ഗൗഡ, സന്തോഷ് കുമാർ പിള്ളൈ, മിനി സിബി, പ്രവീൺ കുമാർ ബുയ്യാനി എന്നിവരുമാണുള്ളത്. പ്രവാസി ഇന്ത്യക്കാരുടെ കായിക കൂട്ടായ്മയായ ഐ.എസ്.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ അധ്യക്ഷൻ ഇ.പി അബ്ദുൽറഹ്മാനും ഖത്തറിലെ കായിക സംഘാടനങ്ങളിലൂടെ ശ്രദ്ധേയനായ ആഷിഖ് അഹമ്മദും തമ്മിലാണ് ശക്തമായ മത്സരം.
മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് നിസ്താർ പട്ടേൽ, കിഷോർ നായർ, ഷൈജിൻ ഫ്രാൻസിസ്, അജിത ശ്രീവത്സൻ, ഹംസ യൂസുഫ്, കവിത മഹേന്ദ്രൻ, ദീപക് ചുക്കല, അബ്ദുൽ ബഷീർ തുവാരിക്കൽ എന്നിവരും മത്സരിക്കും.
അപെക്സ് സംഘാടന പ്രസിഡന്റ്, മാനേജിങ് കമ്മിറ്റി സ്ഥാനങ്ങൾക്കു പുറമെ അസോസിയേറ്റ് ഓർഗനൈസേഷൻ പ്രതിനിധികളെയും വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും.ഐ.സി.സിക്ക് മൂന്നും, ഐ.സി.ബി.എഫ്, ഐ.എസ്.സി എന്നിവക്ക് ഓരോ അസോസിയേറ്റഡ് ഓർഗനൈസേഷൻ പ്രതിനിധി സ്ഥാനങ്ങളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.