ദോഹ: ഗസ്സയിൽ ആശുപത്രികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ അന്താരാഷ്ട്രതലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഖത്തർ.
അല്‍ശിഫ ആശുപത്രിയിലെ സൈനിക കടന്നുകയറ്റം യുദ്ധക്കുറ്റമായി കാണണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അല്‍ശിഫ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ടാണ് വിദേശകാര്യ മന്ത്രാലയം ഐക്യരാഷ്ട്ര സഭ നേതൃത്വത്തിൽ സ്വതന്ത്ര ഏജൻസികളെ നിയോഗിച്ചുള്ള അന്വേഷണത്തിന് ആവശ്യമുന്നയിച്ചത്.
അല്‍ശിഫയിലെ കടന്നുകയറ്റം യുദ്ധക്കുറ്റമായി കാണണമെന്നും അടിയന്തരമായിതന്നെ അന്താരാഷ്ട്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ജനീവ കണ്‍വെന്‍ഷന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നത്.
അന്താരാഷ്ട്ര സമൂഹം ഇപ്പോള്‍ പുലര്‍ത്തുന്ന ഈ മൗനം ഫലസ്തീന് ജനതക്കുനേരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായേലിന് പ്രേരണയാവുകയാണ്.
മേഖലയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് യുദ്ധവും അധിനിവേശവും വ്യാപിപ്പിക്കുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കുന്നു.
ഇത് അന്താരാഷ്ട്ര സമൂഹത്തിലും കൂട്ടായ്മകളിലും മനുഷ്യര്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.