ഹമദ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിൽ സങ്കീർണമായ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗിലോമ എന്ന പേരിലറിയപ്പെടുന്ന ഏറെ ഗുരുതരമായ െബ്രയിൻ ട്യൂമറാണ് സ്വബോധത്തോടെയുള്ള അവസ്ഥയിൽ തന്നെ രോഗിയിൽനിന്നും നീക്കം ചെയ്തത്. ഇൻട്രാ-ഓപറേറ്റിവ് ന്യൂറോ-മോണിറ്ററിങ്, ന്യൂറോ സൈക്കോളജിക്കൽ എന്നിവയുടെ പിന്തുണയോടെയാണ് എച്ച്.എം.സിയിലെ വിദഗ്ധരായ ന്യൂറോസർജൻമാർ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഈ രീതിയിൽ ഖത്തറിലെ തന്നെ ആദ്യത്തെ ശസ്ത്രക്രിയ കൂടിയാണിത്. ശസ്ത്രക്രിയക്കുശേഷം അഞ്ചു ദിവസം കഴിഞ്ഞ് 40കാരനായ രോഗി ആശുപത്രി വിട്ടതായും സുഖം പ്രാപിച്ചു വരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.ഏറ്റവും പുതിയ എം.ആർ.ഐ, ത്രിമാന ബ്രെയിൻ മാപ്പിങ്, ഇമേജിങ് ടെക്നോളജി എന്നിവ ഉൾപ്പെടുന്ന ശസ്ത്രക്രിയ അഞ്ച് മണിക്കൂറോളം നീണ്ടുനിന്നു. ന്യൂറോസർജറി, ന്യൂറോ-ഇൻറർവെൻഷൻ കൺസൾട്ടൻറ് ഡോ. ഗയ അൽ റുമൈഹിയുടെ നേതൃത്വത്തിലുള്ള പത്തോളം പരിചയസമ്പന്നരായ വിദഗ്ധർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. ന്യൂറോ സർജറി സെപ്ഷലിസ്റ്റ് ഡോ. അരുൺ ആർ സൗരാൻ, അനസ്തേഷ്യ കൺസൾട്ടൻറ് ഡോ. കിഷോർ കുമാർ, ന്യൂറോസൈക്കോളജി കൺസൾട്ടൻറ് ഡോ. ജോൺ ബെർകിൻസ്, ന്യൂറോസർജറി റെസിഡൻറ് ഫിസിഷ്യന്മാരായ ഡോ. അബ്ദുല്ല ഒലയ്യാൻ, ഡോ. മുഹ്സിൻ ഖാൻ, ബ്രെയിൻ ഇലക്േട്രാസൈക്കോളജിസ്റ്റ് മുഹമ്മദ് അൽ ഗസു എന്നിവരും നജ്ലാ ഫാതി നയിച്ച സർജറി നഴ്സിങ് ടീമും ശസ്ത്രക്രിയയിൽ പങ്കെടുത്തു.
തലച്ചോറിൽ ബോധത്തിനും സംസാരത്തിനും വേണ്ടിയുള്ള ലോബിന് തൊട്ടടുത്ത് ട്യൂമർ ഉള്ളതിനാലാണ് രോഗിയെ സ്വബോധത്തോടെ തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. രോഗി ശസ്ത്രക്രിയ സംഘവുമായി ആശയവിനിമയം നടത്തേണ്ടതും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതും ആവശ്യമായി വരുകയും ചെയ്തു. ഇതുകാരണം ശസ്ത്രക്രിയ സംഘത്തിന് തലച്ചോറിലെ ഏറ്റവും നിർണായക ഭാഗത്ത് ക്ഷതമേൽപിക്കാതെ തന്നെ കർമം പൂർത്തിയാക്കാനായി.
രോഗിയിൽ നിന്നും ട്യൂമർ നീക്കം ചെയ്തത് മാത്രമല്ല, ശസ്ത്രക്രിയക്കിടയിൽ രോഗിക്ക് അപസ്മാരം പിടിപെടാനുള്ള സാധ്യത കുറക്കുന്നതിലും സംഘം വിജയിച്ചതായി ഡോ. ഗയ അൽ റുമൈഹി പറഞ്ഞു. രോഗിയുടെ അകമഴിഞ്ഞ സഹകരണവും ശസ്ത്രക്രിയ സംഘവുമായി നിരന്തരം ആശയവിനിമയം നടത്തിയതും പ്രധാന ഘടകങ്ങളാണെന്നും രോഗിക്ക് നന്ദി അറിയിക്കുന്നതായും പുതുതായി വികസിപ്പിച്ചെടുത്ത ഇൻട്രാ ഓപറേറ്റിവ് ഉപകരണമാണ് ശസ്ത്രക്രിയക്ക് ഉപയോഗിച്ചതെന്നും ഡോ. അൽ റുമൈഹി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.