ദോഹ: ഖത്തറിൽ നിന്ന് ഹജ്ജ് സേവനം നടത്തിവരുന്ന കമ്പനികൾ ഈ വർഷം സേവനത്തിൽ വിട്ടുനിൽക്കാൻ തീരുമാനിച്ചു. ഹജ്ജ് കർമവുമായി ബന്ധപ്പെട്ട് സൗദി അധികൃതരിൽ നിന്ന് അനുകൂല തീരുമാനമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ തീർഥാടകരെ കൊണ്ടുപോകാൻ കഴിയില്ലെന്ന് രാജ്യത്തെ ഹജ്ജ്–ഉംറ സേവന കമ്പനികളുടെ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു.
ഹജ്ജിന് മാസങ്ങൾക്ക് മുമ്പുതന്നെ ഹാജിമാർക്കുള്ള താമസ സൗകര്യം അടക്കമുള്ള സംവിധാനങ്ങൾ കണ്ടെത്തി സൗദി ഹജ്ജ് മിഷനുമായി കരാറിൽ എത്തിയതാണ്. എന്നാൽ ഉപരോധം വന്നതോടുകൂടി ശക്തമായ നിയന്ത്രണമാണ് സൗദി അധികൃതർ ഖത്തറിൽ നിന്നുള്ള ഹാജിമാർക്ക് മേൽ കെട്ടിവെച്ചത്. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഉംറക്ക് പോയവർക്കുണ്ടായ ദുരനുഭവം കാരണം ഏറെ ശ്രദ്ധിച്ച് മാത്രമാണ് ഖത്തർ തീരുമാനം എടുക്കുന്നത്.
ഖത്തറിൽ നിന്ന് ഹജ്ജ് കമ്മിറ്റിക്ക് പുണ്യസ്ഥലങ്ങളിൽ പ്രവർത്തിക്കാൻ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഹാജിമാരെ കൊണ്ടുപോകാൻ കഴിയില്ലെന്നാണ് കമ്പനികൾ പറയുന്നത്. ഖത്തർ എയർവേയ്സിന് ഹാജിമാരെ കൊണ്ട് പോകാൻ അനുമതി നൽകാത്തത് അംഗീകരിക്കാൻ കഴിയില്ലെന്നും കമ്പനികൾ വ്യക്തമാക്കി.
സൗദി ബാങ്കുകളിൽ നിന്നോ എക്സേഞ്ചുകളിൽ നിന്നോ ഖത്തരി റിയാൽ മാറാൻ കഴിയാത്തത് പ്രയാസം സൃഷ്ടിക്കും. ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇനിയും അനുമതി ലഭിച്ചാൽ തന്നെ താമസ സൗകര്യം അടക്കമുള്ള സേവനങ്ങൾ തൃപ്തികരമായി നൽകാൻ കഴിയില്ലെന്ന് കമ്പനികൾ ആശങ്കിക്കുന്നു.
ഖത്തറിനെതിരെ സൗദി അറേബ്യയിലും മറ്റു ഉപരോധരാജ്യങ്ങളിലും നടന്നുവരുന്ന വ്യാപകമായ പ്രചരണങ്ങൾ കാരണം ഖത്തരി ഹാജിമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന നിർദേശത്തോട് സൗദിയുടെ ഭാഗത്തുനിന്നും ഇതുവരെ അനുകൂലമായ പ്രതികരണം ഉണ്ടാകാത്തതും ഇത്തരമൊരു തീരുമാനം എടുക്കാൻ തങ്ങളെ നിർബന്ധിച്ചതായി കമ്പനികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.