കണ്ണൂർ മണ്ഡലം കെ.എം.സി.സി കൺവെൻഷനിൽ ഡിജി കാർഡ് വിതരണം സംസ്ഥാന കമ്മിറ്റി സെക്രട്ടറി റഹീസ് പെരുമ്പ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: അവധിക്കാലത്തും റമദാൻ, ഈസ്റ്റർ, വിഷു തുടങ്ങിയ വിശേഷ സന്ദർഭങ്ങളിലും ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ പ്രവാസി ഇന്ത്യ ക്കാർക്ക് നേരെ നടത്തുന്നത് തീവെട്ടിക്കൊള്ളയാണെന്ന് ഖത്തർ കണ്ണൂർ മണ്ഡലം കെ.എം.സി.സി കുറ്റപ്പെടുത്തി. ‘സമൂഹ നന്മക്ക് സംശുദ്ധ രാഷ്ട്രീയം’ എന്ന സന്ദേശത്തോടെ സംഘടിപ്പിച്ച ഇഫ്താർമീറ്റിനോടനുബന്ധിച്ച് ചേർന്ന കൺവെൻഷൻ ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.
ടിക്കറ്റ് നിരക്കുകൾ ഉയർത്തുന്ന കാര്യത്തിൽ യാതൊരു നീതീകരണവുമില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും വിമാന കമ്പനികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാരുകൾ സ്വീകരിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണ ഗതിയിൽ മറ്റൊരു വിദേശ രാജ്യത്തേക്കും ഗൾഫ് സെക്ടറിന് സമാനമായ ചാർജുകൾ ഈടാക്കുന്നില്ല. അതിനും പുറമെയാണ് വിശേഷ സന്ദർഭങ്ങളിലുള്ള ഈ തീവെട്ടിക്കൊള്ള. ഇത്തരം സന്ദർഭങ്ങളിൽ അഞ്ചും ആറും ഇരട്ടിയാണ് ടിക്കറ്റു നിരക്ക്. ഇത് രണ്ടും മൂന്നും വർഷത്തിലൊരിക്കൽ നാട്ടിലേക്ക് അവധിക്ക് വരുന്ന സാധാരണക്കാരായ പ്രവാസി സമൂഹത്തെയാണ് പ്രതിസന്ധിയിലാക്കുന്നതെന്നും കൺവെൻഷൻ കുറ്റപ്പെടുത്തി.
മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഗളിനയിൽ നടന്ന ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. കെ.എം.സി.സി ‘ഡിജി കാർഡ്’ വിതരണം സംസ്ഥാന കമ്മിറ്റി സെക്രട്ടറി റഹീസ് പെരുമ്പ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. റയീസ് ഫൈസി ഉദ്ബോധന പ്രഭാഷണം നടത്തി. നസീം നീർച്ചാൽ, അനീസ് എ. റഹ്മാൻ, സക്കരിയ്യ മാണിയൂർ, ഇ.എം. അബ്ദുൽ ഗഫൂർ, ഹംസക്കുട്ടി വായാട്, ഹാഷിം മട്ടന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.