ഗൾഫ് മാധ്യമം-‘മൈക്രോ ചെക്ക് മെലോഡിയസ് മെമ്മറീസിന്റെ വേദിയിൽനിന്ന്
ദോഹ: ലോകകപ്പ് ഫുട്ബാൾ ഉത്സവ നാളുകൾ കൊടിയിറങ്ങിയതിന്റെ ആലസ്യം വിട്ടുമാറാത്ത ദോഹയുടെ മണ്ണ് ഉറക്കംവിട്ടെഴുന്നേറ്റ ദിനമായിരുന്നു വെള്ളിയാഴ്ച. അവധിയുടെ ഉറക്കച്ചടവെല്ലാം വിട്ടെറിഞ്ഞ് ഖത്തറിലെ മലയാളി സമൂഹം ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിലെ വിശാലമായി മുറ്റത്തേക്ക് ഒഴുകിയെത്തി.
‘മൈക്രോ ചെക്ക് മെലോഡിയസ് മെമ്മറീസി’ൻെറ സദസ്
ഖത്തറിലെ കലാസ്വാദകർക്ക് പാട്ടും സംഗീതവും തമാശയുമായി ഗൾഫ് മാധ്യമം ഒരുക്കിയ ‘മൈക്രോ ചെക്ക് മെലോഡിയസ് മെമ്മറീസ്’ മധുരമുള്ള പാട്ടുകളിലേക്കുള്ള സുന്ദര യാത്രയായി. രാത്രി ഏഴോടെ ആരംഭിച്ച പരിപാടിയുടെ വേദിയിലേക്ക് ആറു മണിക്ക് മുമ്പുതന്നെ ജനം ഒഴുകിത്തുടങ്ങിയിരുന്നു.
സ്റ്റീഫൻ ദേവസ്സി
എണ്ണിയെണ്ണി കാത്തിരുന്ന നിമിഷത്തിനൊടുവിൽ ഏഴു മണിയോടെ പ്രിയപ്പെട്ട കലാകാരന്മാർ വേദിയിലെത്തിയപ്പോൾ പേരുചൊല്ലി വിളിച്ചും ഹർഷാരവം മുഴക്കിയും കാണികൾ വരവേറ്റു. ലോകകപ്പ് ഫുട്ബാളിൽ ലയണൽ മെസ്സിയുടെ അർജൻറീന കിരീടമണിഞ്ഞ് ഖത്തറിനെ കാൽപന്ത് ആരാധകരുടെ ഹൃദയത്തിൽ അനശ്വരമാക്കിയ മുഹൂർത്തം ഓർമിപ്പിച്ചായിരുന്നു അവതാരക പരിപാടിയിലേക്ക് കാണികളെ വരവേറ്റത്.
കണ്ണൂർ ഷെരീഫ് ഗാനമാലപിക്കുന്നു
തുടർന്ന് തുർക്കിയയിലും സിറിയയിലും ജീവൻ പൊലിഞ്ഞ പതിനായിരങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച് അവിസ്മരണീയ രാവിന് തുടക്കം കുറിച്ചു.‘അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ എല്ലാരും എല്ലാരും യത്തീമുകൾ....’ എന്ന പാട്ടുമായി കണ്ണൂർ ഷെരീഫും അഫ്സലും ഉൾപ്പെടെ പാട്ടുസംഘം മുഴുവൻ വേദിയിലെത്തി ഓർമകളിലേക്കുള്ള പാട്ടുയാത്രക്ക് തുടക്കം കുറിച്ചു.
ഉദ്ഘാടന ചടങ്ങിൽ ഖത്തർ സാംസ്കാരിക മന്ത്രാലയം കൾചറൽ ആൻഡ് ആർട്സ് വിഭാഗത്തിലെ അദിൽ അൽ കലാദി അൽ യാഫി, കൾചറൽ വിഭാഗം മേധാവി മർയം അൽ ആലി, സാംസ്കാരിക മന്ത്രാലയം ഉപദേഷ്ടാവ് സാലിഹ് അൽ ഉബൈദലി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലിം അമ്പലൻ സംസാരിച്ചു.
ശബ്ദാനുകരണവുമായി മഹേഷ് കുഞ്ഞുമോൻ
ഗൾഫ് മാധ്യമം േഗ്ലാബൽ ബിസിനസ് ഓപറേഷൻസ് ഹെഡ് മുഹമ്മദ് റഫീഖ്, മൈക്രോ ചെക്ക് കൺട്രി ഹെഡ് അൽക മീര സണ്ണി, ഗൾഫ് എക്സ്ചേഞ്ച് ഡെപ്യൂട്ടി സി.ഇ.ഒ പ്രദീപ് ബാലകൃഷ്ണൻ, അൽറവാബി ഗ്രൂപ് മാനേജിങ് പാർട്ണർ മുഹമ്മദ് സാദിഖ്, ബ്രാഡ്മ ഗ്രൂപ് ചെയർമാൻ ഹാഷിം കെ.എൽ, ഗൾഫ് മാധ്യമം -മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹിം ഓമശ്ശേരി, ഗൾഫ് മാധ്യമം റീജനൽ മാനേജർ സാജിദ് ടി.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പാട്ടിന്റെ കുളിർമഴ പെയ്ത രാത്രി
മലയാളികളുടെ ചുണ്ടിൽ എക്കാലവും മൂളിപ്പാട്ടായി മുഴങ്ങുന്ന ഒരുനൂറ് പാട്ടുകളുമായാണ് ‘മൈക്രോ ചെക്ക് െമലോഡിയസ് മെമ്മറീസ്’ വെള്ളിയാഴ്ച രാത്രി ദോഹയിൽ പെയ്തിറങ്ങിയത്. കാലങ്ങളെത്ര കഴിഞ്ഞാലും, എത്രകേട്ടാലും മതിവരാത്ത ഒരുപിടി പാട്ടുകളുമായി കണ്ണൂർ ഷെരീഫും ചലച്ചിത്ര പിന്നണി ഗായകൻ അഫ്സൽ ഇസ്മായിലും വേദി കൈയടക്കി.
അഫ്സൽ ഗാനമാലപിക്കുന്നു
ഇവർക്കൊപ്പം മലയാളികളുടെ പ്രിയഗായിക ചിത്ര അരുണും പുതുതലമുറയിലെ സൂപ്പർ സ്റ്റാറുകളായ ശിഖ പ്രഭാകരനും ജാസിം ജമാലും വേദിയിലെത്തിയതോടെ ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിൽ നിറഞ്ഞുകവിഞ്ഞ സദസ്സിന് ആനന്ദ നൃത്തമായി.
ഇതിനിടയിൽ ചിരിയുടെ പൂരവുമായി മിമിക്രി താരം മഹേഷ് കുഞ്ഞുമോനും കീബോർഡിൽ ചടുലസംഗീതം തീർത്ത് പ്രശസ്ത താരം സ്റ്റീഫൻ ദേവസ്സിയും മെലോഡിയസ് മെമ്മറീസിനെ അവിസ്മരണീയമാക്കി. മാപ്പിളപ്പാട്ടുകളും മലയാള സിനിമ ഗാനങ്ങൾക്കും പുറമെ ഹിന്ദിയും തമിഴുമെല്ലാം നാലു മണിക്കൂർ നീണ്ട സംഗീതോത്സവത്തിൽ തേൻമഴയായി പെയ്തിറങ്ങി.
ശിഖ പ്രഭാകരൻ പാടുന്നു
ദോഹ: കഴിഞ്ഞ വർഷം ഖത്തറിലെ ഇന്ത്യൻ സമൂഹം നെഞ്ചേറ്റിയ വനിതാരത്നങ്ങൾക്കുള്ള പുരസ്കാരമായി ‘ഷി ക്യൂ എക്സലൻസ്’ അവാർഡ് രണ്ടാം പതിപ്പുമായി ഗൾഫ് മാധ്യമം. ‘മെലോഡിയസ് മെമ്മറീസ്’ വേദിയിൽ സാംസ്കാരിക മന്ത്രാലയത്തിലെ കൾചറൽ വിഭാഗം മേധാവി മർയം അൽ ആലി ‘ഷി ക്യൂ സീസൺ രണ്ട്’ പ്രഖ്യാപനം നടത്തി.
അധ്യാപനം, സാമൂഹിക സേവനം, കൃഷി തുടങ്ങി എട്ടു മേഖലകളിൽ മികവു തെളിയിച്ച ഖത്തറിൽനിന്നുള്ള ഇന്ത്യൻ വനിതകൾക്കായാണ് ‘ഷി ക്യു’ പുരസ്കാരം സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.