സൗദിക്കു നേരെയുള്ള ആക്രമണം ഗുരുതരമായ നീക്കം: ജി.സി.സി കൗൺസിൽ
ദോഹ: സൗദി അറേബ്യയിലെ ഈസ്റ്റ് -വെസ്റ്റ് പൈപ്പ്‌ലൈനിന് നേരെ ഉണ്ടായ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന നീക്കമാണെന്ന് അപകരടകരമായ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി). റിയാദ്, മദീന പ്രവിശ്യകളിലായി സ്ഥിതി ചെയ്യുന്ന പൈപ്പ്‌ലൈനിന് നേരെ ഇറാഖിൽ നിന്ന് എത്തിയ ഡ്രോണുകൾ നടത്തിയ ആക്രമണത്തെയും തുടർന്നുണ്ടായ ആളപായത്തെയും നാശനഷ്ടങ്ങളെയും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ശക്തമായി അപലപിച്ചു.
ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അൽ ബുദൈവി ചൂണ്ടിക്കാട്ടി. സൗദിയുടെ സുരക്ഷക്കും പ്രദേശങ്ങളുടെയും സുപ്രധാന സ്ഥാപനങ്ങളുടെയും നിലനിൽപ്പിനും ഭീഷണിയുയർത്തുന്ന ഇത്തരം നീക്കങ്ങളെ ജി.സി.സി ശക്തമായി എതിർക്കുന്നു. സൗദിയുടെ സുരക്ഷയും സ്ഥിരതയും ദേശീയ സമ്പത്തും ലക്ഷ്യമിട്ടുള്ള എല്ലാവിധ നടപടികളെയും പൂർണ്ണമായും തള്ളിക്കളയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ഭൂപ്രദേശം അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്നത് തടയാൻ കർശന നടപടികളും കൂടുതൽ ശ്രമങ്ങളും ഇറാഖി സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ടെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യയോടൊപ്പം ജി.സി.സി പൂർണ്ണമായും ഉറച്ചുനിൽക്കുന്നു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും, ഭൂപ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വവും ഉറപ്പാക്കാൻ സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജി.സി.സി കൗൺസിലിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അൽ ബുദൈവി ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.