ഡോ. മാജിദ് അൽ അൻസാരി
ദോഹ: ഹുർമുസ് കടലിടുക്കിന്റെ ഭാവി തീരുമാനിക്കേണ്ടത് മേഖലയിലെ എല്ലാ രാജ്യങ്ങളും ചേർന്നാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി. ഒരു രാജ്യത്തിന് മാത്രമായി ഹുർമുസിൽ കാര്യങ്ങൾ തീരുമാനിക്കാൻ കഴിയില്ലെന്നും ഇത് ആഗോളതലത്തിൽ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ഇറാൻ -അമേരിക്ക മധ്യസ്ഥ ശ്രമങ്ങളിൽ ഖത്തർ നേരിട്ട് ഭാഗമല്ല. രാജ്യത്തിന്റെ പ്രതിരോധത്തിനാണ് മുൻഗണന നൽകുന്നത്. എങ്കിലും പാകിസ്താന്റെ നേതൃത്വത്തിൽ നടത്തുന്ന സമാധാന ശ്രമങ്ങളെ ഖത്തർ പൂർണമായും പിന്തുണക്കും. യു.എസുമായുള്ള തന്ത്രപരമായ പ്രതിരോധ പങ്കാളിത്തം രാജ്യത്തെ സംരക്ഷിക്കുന്നതിൽ നിർണായകമായി. രാജ്യത്തിനുനേരെയുണ്ടായ തൊണ്ണൂറ് ശതമാനം ആക്രമണങ്ങളും സായുധസേന പ്രതിരോധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിൽ തുടരുന്ന സൈനിക നീക്കങ്ങളും സംഘർഷങ്ങളും ആർക്കും ഗുണകരമല്ല. ഇത് വലിയ നാശനഷ്ടങ്ങൾക്ക് മാത്രമേ വഴിതെളിക്കൂ. ലബനാനിലെ ഇസ്രായേൽ കടന്നുകയറ്റവും 'ബഫർ സോൺ' ചർച്ചകളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ലബനാന്റെ പരമാധികാരം മാനിക്കപ്പെടണം, ലബനാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഖത്തർ ചർച്ചകൾ നടത്തിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിനു നേരെയുള്ള ആക്രമണങ്ങൾ ഇറാനുമായുള്ള ബന്ധത്തിൽ കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കും. എങ്കിലും ഇറാൻ തങ്ങളുടെ അയൽരാജ്യമാണെന്നും സമാധാനപരമായ സഹവർത്തിത്വത്തിനുള്ള വഴി കണ്ടെത്തണമെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.