ദോഹ: ഫലസ്തീൻ ലക്ഷ്യങ്ങളോടും അറബ് തത്ത്വങ്ങളോടും കൂടുതൽ പ്രതിബദ്ധതക്ക് ആഹ്വാനം ചെയ്ത് പ്രഥമ വാർഷിക ഫലസ്തീൻ ഫോറത്തിന് ദോഹയിൽ തുടക്കമായി. മൂന്നു ദിവസത്തെ ഫോറം തിങ്കളാഴ്ച സമാപിക്കും. ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസിലെയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫലസ്തീൻ സ്റ്റഡീസിലെയും അറബ് സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസാണ് ആതിഥേയത്വം.
ഫലസ്തീന്റെ ചരിത്രം, ഫലസ്തീൻ പ്രതിസന്ധി, വർണവിവേചനവും കുടിയേറ്റ-കൊളോണിയലിസവും, അറബ് അന്തർദേശീയ ബന്ധങ്ങളിലെ ഫലസ്തീൻ തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കിയുള്ള 300ലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രഥമ വാർഷിക ഫലസ്തീൻ ഫോറത്തിൽ അവതരിപ്പിക്കും. ഫലസ്തീൻ പഠനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ശിൽപശാലകളും നടക്കുന്നുണ്ട്. ഫലസ്തീൻ ഐക്യത്തെ പിന്തുണക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഈ ഫോറം അനിവാര്യമാണെന്ന് ഉദ്ഘാടന സെഷനിൽ ഫലസ്തീൻ സ്റ്റഡീസ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഡോ. താരിക് മിത്രി പറഞ്ഞു. അറബ് സെന്ററും ഫലസ്തീൻ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയ അദ്ദേഹം, രണ്ട് അറബ് സ്ഥാപനങ്ങളും എല്ലാ അറബികൾക്കും വേണ്ടിയുള്ള ഫലസ്തീനിയൻ ലക്ഷ്യത്തിന്റെ കേന്ദ്രീകരണത്തിന് ഊന്നൽ നൽകുന്നുവെന്നും വ്യക്തമാക്കി.
ഫലസ്തീൻ വിഷയത്തിൽ ഈയിടെ പുറത്തിറക്കിയ അറബ് അഭിപ്രായ സൂചികയുടെ കണ്ടെത്തലുകൾ അനുസരിച്ച് ഏകീകൃത അറബ് കരാറും ഡോ. മിത്രി പ്രത്യേകം പരാമർശിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 80 ശതമാനവും ഇസ്രായേൽ, ഫലസ്തീനും അറബ് ലോകത്തിനും ഭീഷണിയാണെന്ന് വിശ്വസിക്കുന്നതായും ഖത്തറിൽ ഫിഫ ലോകകപ്പിനിടെ താരങ്ങളും അറബ് ആരാധകരും ഫലസ്തീൻ പതാക ഉയർത്തിയപ്പോൾ ഫല്സ്തീനോടുള്ള അറബ് വികാരം ശ്രദ്ധയിൽപെട്ടതായും അദ്ദേഹം പറഞ്ഞു.
നീതിക്കുവേണ്ടിയുള്ള ഫലസ്തീൻ പോരാട്ടത്തിൽ അറബികൾ സ്ഥിരോത്സാഹത്തോടെ തുടരണമെന്ന് അറബ് സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ് ജനറൽ ഡയറക്ടർ ഡോ. അസ്മി ബിഷാറ പറഞ്ഞു. ഫലസ്തീൻ പ്രശ്നത്തോടുള്ള നിഷ്ക്രിയത്വം വർധിക്കുന്നതും പ്രാദേശിക സർക്കാറുകളുടെ സമീപകാല സമീപനങ്ങളും കാരണം ഇതിന് എന്നത്തേക്കാളും സാധുതയും പ്രാധാന്യവുമുണ്ട്. ഫലസ്തീനെക്കുറിച്ചും അതിന്റെ ചരിത്രത്തെയും പോരാട്ടത്തെയും കുറിച്ചും യുക്തിസഹവും ഉത്തരവാദിത്തമുള്ളതുമായ പഠനം നടത്തുന്നതിനുള്ള വിടവ് നികത്താൻ ഗവേഷകർക്കും അക്കാദമീഷ്യന്മാർക്കും ഈ ഫോറം ഒരിടം നൽകും.
തെറ്റിദ്ധാരണകൾക്കെതിരെ പ്രതികരിക്കാൻ ഗവേഷകർ ഉത്തരവാദപ്പെട്ടവരാണ്. ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനുള്ള തുടക്കമായി ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ പുനഃസ്ഥാപിക്കണമെന്ന് ഡോ. ബിഷാറ പറഞ്ഞു. സംഘടനയെ നിശ്ചലമാക്കുകയും കേവലം ഒരു സംഘടനയായി ചുരുക്കുകയും ചെയ്യുന്ന വിഭാഗീയ അധികാര പങ്കിടൽ ഫോർമുലക്ക് പകരം, ഫലസ്തീൻ സമൂഹത്തിലെ എല്ലാ കക്ഷികളെയും പരിഗണിച്ച് ദേശീയ ജനാധിപത്യ അടിത്തറയിലാണ് വീണ്ടും നിർമിക്കപ്പെടേണ്ടതെന്നും അവർ വിശദീകരിച്ചു. ഫലസ്തീൻ പ്രശ്നത്തിൽ മാറിക്കൊണ്ടിരിക്കുന്ന അമേരിക്കൻ ജനതയുടെ മനോഭാവം, നയരൂപവത്കരണത്തിൽ ഈ മാറ്റം ചെലുത്തുന്ന സ്വാധീനം, ഫലസ്തീനിയൻ വിഭജനം, അനുരഞ്ജന സാധ്യതകൾ എന്നിവയിൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള രണ്ടു ശിൽപശാലകളും ഫോറത്തിന്റെ ഒന്നാം ദിവസം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.