ദോഹ: അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ ഫെഡേറഷന്റെ (ഫിബ) വെസ്റ്റേഷ്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരങ്ങൾക്ക് ഖത്തർ വേദിയാകും. സൂപ്പർ ലീഗിന്റെ രണ്ടാം സീസൺ പിനാക്കിൾ മേള മെയ് 25 മുതൽ ജൂൺ ഒന്ന് വരെയാണ് നടക്കുക. ഖത്തർ ബാസ്കറ്റ്ബാൾ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരിക്കും ഫിബ വെസ്റ്റേഷ്യൻ സൂപ്പർ ലീഗ് ‘ഫൈനൽ 8’. 2027ലെ ഫിബ ബാസ്കറ്റ്ബാൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ഒരുക്കങ്ങളുടെ ഭാഗംകൂടിയാണ് വമ്പൻ ക്ലബുകൾ മാറ്റുരക്കുന്ന വെസ്റ്റേഷ്യൻ സൂപ്പർലീഗ് ഫൈനൽ 8. ഖത്തർ വേദിയാകുന്നത് അഭിമാനകരമായ നേട്ടമാണെന്ന് ഫിബ റീജനൽ ഓഫിസ്-ഏഷ്യ എക്സിക്യൂട്ടിവ് ഡയറക്ടർ ഹഗോപ് ഖജീറിയൻ പറഞ്ഞു. മേഖലയിൽ ബാസ്കറ്റ്ബാളിന്റെ വളർച്ചയിൽ ഈ മത്സരങ്ങൾ നിർണായക പങ്ക് വഹിക്കുമെന്നും ആതിഥേയരെന്ന നിലയിൽ ദോഹയുടെ മികവിന് അടിവരയിടുകയും ചെയ്യുമെന്നും ഖജീറിയൻ കൂട്ടിച്ചേർത്തു.
2022, 2023 വർഷങ്ങളിൽ ഫിബ അണ്ടർ 16 ഏഷ്യ കപ്പുകൾക്ക് ഖത്തർ വേദിയായിരുന്നു. 2005ൽ ഫിബ ഏഷ്യ കപ്പിനും ഖത്തർ ആതിഥേയത്വം വഹിച്ചു. ഗൾഫ് പ്രതിനിധി സംഘത്തെ നിലവിലെ ചാമ്പ്യന്മാരായ കുവൈത്ത് ക്ലബ് നയിക്കും. മനാമ, മൂന്നാം സ്ഥാനക്കാരായ കസ്മ എന്നിവരാണ് മറ്റു ടീമുകൾ. പശ്ചിമേഷ്യയിൽ നിന്ന് അൽ റിയാദി, ഷഹർദാരി ഗോർഗൻ, സജീസ് സ്പോർട്സ് ക്ലബ് എന്നീ ടീമുകളും മധ്യേഷ്യയിൽ നിന്ന് ബിസി അസ്താനയും ദക്ഷിണേഷ്യയിൽനിന്ന് തമിഴ്നാടും ഫൈനൽ 8ൽ മാറ്റുരക്കും.എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. മികച്ച റാങ്കുള്ള രണ്ട് ടീമുകൾ ഓരോ ഗ്രൂപ്പുകളിൽ നിന്നും അവസാന നാലിലേക്ക് മുന്നേറും. ഈ വർഷം ജൂണിൽ ദുബൈയിൽ നടക്കുന്ന പ്രഥമ ബാസ്കറ്റ്ബാൾ ചാമ്പ്യൻസ് ലീഗ് ഏഷ്യയിലേക്ക് രണ്ട് ഫൈനലിസ്റ്റുകളും നേരിട്ട് യോഗ്യത നേടും. മേഖലയിലെ ബാസ്കറ്റ്ബാൾ കേന്ദ്രമായി ഖത്തർ മാറുകയാണെന്ന് ഖത്തർ ബാസ്കറ്റ്ബാൾ ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് സഅദ് അൽ മുഗൈസീബും സെക്രട്ടറി ജനറൽ സഅദൂൻ അൽ കുവാരിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.