വിദ്യാർഥിയെ അധ്യാപകൻ മർദിച്ചെന്ന ആരോപണം തെറ്റ് -മന്ത്രാലയം

ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളിൽ വിദ്യാർഥിയെ അധ്യാപകൻ മർദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണത്തിൽ കണ്ടെത്തി. ഈമാസം 21നായിരുന്നു ആരോപണത്തിനാസ്പദമായ സംഭവം. അധ്യാപകന്‍റെ മർദനത്തെ തുടർന്ന് വിദ്യാർഥിയെ ആശുപത്രിയിൽ അടിയന്തര വിഭാഗത്തിൽ പരിശോധനക്ക് വിധേയമാക്കിയെന്നായിരുന്നു വാർത്ത. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും പ്രചരിച്ചതിനൈ തുടർന്ന് സ്വകാര്യ സ്കൂൾ വകുപ്പിനോട് സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. അന്വേഷണത്തിൽ അധ്യാപകന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അധികൃതർ കണ്ടെത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സത്യാവസ്ഥ അറിയുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ദൃക്സാക്ഷികളായ വിദ്യാർഥികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചതായും അധ്യാപകൻ വിദ്യാർഥിയെ മർദിച്ചിട്ടില്ലെന്നും ആരോപണം തെറ്റാണെന്നും അധികൃതർ അറിയിച്ചു.

എട്ടാം ക്ലാസിൽ പഠിക്കുന്ന ആരോപണമുന്നയിച്ച വിദ്യാർഥി ഗ്രൗണ്ടിലെത്തി ഏഴാം ക്ലാസ് വിദ്യാർഥികളിൽനിന്ന് പന്ത് ബലം പ്രയോഗിച്ച് എടുത്തതാണ് സംഭവത്തിന് പിന്നിലെന്ന് ദൃക്സാക്ഷികളായ വിദ്യാർഥികൾ വ്യക്തമാക്കി. പന്ത് എടുക്കാൻ ശ്രമിച്ച വിദ്യാർഥിയെ ഏഴാം ക്ലാസിലെ വിദ്യാർഥികൾ തടയുകയും വഴക്കിടുകയും ഇതിനിടയിൽ വിദ്യാർഥി നിലത്തുവീണ് മുറിവ് പറ്റുകയും ചെയ്തു.

വിദ്യാർഥികൾ തമ്മിലുള്ള വഴക്ക് ശാന്തമാക്കാൻ ആരോപണ വിധേയനായ അധ്യാപകൻ ഉൾപ്പെടെയുള്ളവർ ഇടപെടുകയും വിദ്യാർഥിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിനിർത്താനും ശ്രമിച്ചു. എന്നാൽ, വിദ്യാർഥി അതിന് വിസമ്മതിക്കുകയും കളിക്കളം വിടാതിരിക്കുകയും ചെയ്തതിനാൽ സ്കൂൾ അഡ്മിനിസ്േട്രഷൻ രക്ഷിതാക്കളെ സമീപിക്കുകയായിരുന്നുവെന്നും അധികൃതർ അന്വേഷണത്തിൽ കണ്ടെത്തി.

    സ്കൂളുമായി ബന്ധപ്പെട്ട ഏതു സംഭവവും അത് വിദ്യാർഥികളുമായോ അധ്യാപകരുമായോ ജീവനക്കാരുമായോ ബന്ധപ്പെട്ടതാണെങ്കിൽ സംഭവം വസ്തുനിഷ്ഠമായും കൃത്യമായും നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിദ്യാഭ്യാസ മന്ത്രാലയം ആവർത്തിച്ചു. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ വെബ്സൈറ്റ്, സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയോ അല്ലെങ്കിൽ 155 ഹോട്ട് ലൈനിലോ ബന്ധപ്പെടണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. 

News Summary - False allegation of teacher beating student - Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.