ദോഹ: ഏഴു മാസം മുമ്പ് ലോകകപ്പ് ഫുട്ബാളിലെ ആവേശപ്പോരാട്ടങ്ങൾക്ക് വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയം ഇപ്പോൾ കായികക്കരുത്തിനെ തേച്ചുമിനുക്കുന്ന തിരക്കിലാണ്. പകലിലെ കടുത്ത ചൂടിനെ തോൽപിച്ച്, ശീതീകരിച്ച ഗാലറിയിൽനിന്നു വീശുന്ന തണുത്തകാറ്റിന്റെ കുളിരിൽ ഈ വേനലിലും കളിമുറ്റം സജീവമാകുന്നു. വേനലവധിക്കാലം കൂടിയായപ്പോൾ, വനിതകൾക്കും പെൺകുട്ടികൾക്കുമായി ഖത്തർ ഫൗണ്ടേഷനു കീഴിൽ ഒരുക്കിയ വിവിധ പരിപാടികളാൽ രാത്രിയും പകലും സജീവമാണ് എജുക്കേഷൻ സിറ്റി സ്റ്റേഡിയം.
വനിതകളിൽ ആരോഗ്യകരമായ ജീവിതശൈലിയും കായിക വികസനവും ലക്ഷ്യമിട്ട് ഖത്തർ ഫൗണ്ടേഷൻ ഒരുക്കുന്ന വിവിധ പരിപാടികളുടെ വേദിയെന്ന നിലയിലാണ് ഈ ലോകകപ്പ് വേദിയിപ്പോൾ. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ലേഡീസ് ഒൺലി മൾട്ടി സ്പോർട്സ് ക്യാമ്പും നൈറ്റ് അറ്റ് എജുക്കേഷൻ സിറ്റി സ്റ്റേഡിയവും ഖത്തറിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കായിക, ശാരീരികക്ഷമത പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും വിശ്രമിക്കാനുമായുള്ള സുവർണ അവസരമായാണ് ഖത്തർ ഫൗണ്ടേഷൻ മുന്നോട്ടുവെക്കുന്നത്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായി കായിക പരിശീലനത്തിനും വ്യായാമത്തിനും ഒരു വേദിയൊരുക്കുകയാണ് നൈറ്റ് അറ്റ് എജുക്കേഷൻ സിറ്റി സ്റ്റേഡിയമെന്ന പരിപാടിയുടെ ലക്ഷ്യമെന്ന് ഖത്തർ ഫൗണ്ടേഷൻ എൻഗേജ്മെന്റ് ആൻഡ് ആക്ടിവേഷൻ സ്പെഷലിസ്റ്റ് ബുഥൈന അൽ ഖാതിർ പറഞ്ഞു. കായിക പ്രവർത്തനങ്ങളിലേക്ക് ഖത്തറിലെ സ്ത്രീകളെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും അവരുടെ ആരോഗ്യം, ക്ഷേമം മെച്ചപ്പെടുത്തുന്നതിനുമുള്ള മാർഗമായി ഈ പരിപാടിയെ കാണുന്നതായി അൽ ഖാതിർ കൂട്ടിച്ചേർത്തു.
എജുക്കേഷൻ സിറ്റിയിലും ഖത്തറിലുമായി കമ്യൂണിറ്റി ജീവിതശൈലി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആരോഗ്യ, കായികക്ഷമത പരിപാടികൾ തുടർച്ചയായി നൽകുന്നതിന് കൂടുതൽ ദാതാക്കളെ ഒരു വേദിയിൽ കൊണ്ടുവരുകയാണ് പ്രധാന പദ്ധതിയെന്നും അൽ ഖാതിർ അറിയിച്ചു. സ്ത്രീകൾക്ക് മാത്രമായുള്ള ലേഡീസ് നൈറ്റിന് ബുധനാഴ്ച രാത്രിയിലായിരുന്നു സ്റ്റേഡിയം വേദിയായത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വിവിധ പ്രായക്കാർക്കായി പരിപാടികൾ അരങ്ങേറി. പി.എസ്.ജി അക്കാദമിക്കു കീഴിൽ ഫുട്ബാൾ പരിശീലനം, ഗോൾഫ് ക്ലബിനു കീഴിലെ ഗോൾഡ് പരിശീലനം, നെറ്റ്ബാൾ, വ്യായാമം എന്നിങ്ങനെ നീണ്ടു നിൽക്കുന്നതായിരുന്നു സെഷനുകൾ. കുട്ടികൾക്കുള്ള കിഡ്സ് കോർണർ കളിയും തമാശയുമായും സജീവമായി.
സ്പോർട്സ് ലാബിനൊപ്പം സ്ത്രീകൾക്കു മാത്രമായി നടത്തുന്ന മൾട്ടി സ്പോർട്സ് ക്യാമ്പ് ആഗസ്റ്റ് 10 വരെ ഉച്ചക്ക് ഒന്നു മുതൽ വൈകീട്ട് അഞ്ചു വരെ മുൽതഖയിൽ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.