പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി ചെയർമാൻ ഡോ. അബ്ദുൽ ലത്തീഫ് അൽഖാലിന് യൂത്ത് ഫോറം വൈസ് പ്രസിഡൻറ് അബ്സൽ അബ്ദുട്ടി ഉപഹാരം കൈമാറുന്നു
ദോഹ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഖത്തറിൽ നേതൃത്വം നൽകുന്ന ഡോ. അബ്ദുൽ ലത്തീഫ് അൽഖാലിനെ യൂത്ത്ഫോറം ആദരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി ചെയർമാനാണ് ഡോ. ഖാൽ. ഹമദ് മെഡിക്കൽ കോർപറേഷൻ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതിയുടെ മാനേജർ, ഖത്തർ ക്ലിനിക്കൽ എയ്ഡ് പ്രോഗ്രാം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ.അബ്ദുൽ ലത്തീഫ് അൽ ഖാൽ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സ്വദേശികളും വിദേശികളുമായ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും ചെയ്തിരുന്നു.
രാജ്യത്തെ വ്യത്യസ്ത ക്വാറൻറീൻ സെൻററുകളിലും ഇൻഡസ്ട്രിയൽ ഏരിയയിലുമുൾപ്പെടെ യൂത്ത് ഫോറം നടത്തിയ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. സാമൂഹിക സേവന രംഗത്ത് ഇനിയുമേറെ കാര്യങ്ങൾ യോജിച്ച് ചെയ്യാനുണ്ടെന്നും സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദോഹയിലെ എജുക്കേഷൻ സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂത്ത് ഫോറം വൈസ് പ്രസിഡൻറ് അബ്സൽ അബ്ദുട്ടി ഉപഹാരം കൈമാറി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഹ്മദ് അൻവർ, മുഹമ്മദ് അനീസ്, മുഹമ്മദ് അബ്ദുൽ റഹ്മാൻ, മുഹമ്മദ് അഷ്റഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.