ശരീരത്തിന് മുറിവുണ്ടായാൽ, രോഗം ബാധിച്ചാൽ ഉടൻ തന്നെ നമ്മൾ ചികിത്സ തേടാറുണ്ട്. എന്നാൽ, മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ ഏൽക്കുമ്പോൾ എന്തുകൊണ്ടാണ് നാം മൗനം പാലിക്കുന്നത്? പുറമെ കാണുന്ന തിളക്കത്തേക്കാൾ, മാനസികാരോഗ്യമാണ് ഒരു മനുഷ്യന്റെ യഥാർത്ഥ സൗന്ദര്യവും കരുത്തും. എന്നാൽ നമ്മുടെ, തിരക്കുകൾക്കിടയിൽ പലപ്പോഴും നാം മറന്നുപോകുന്നത് നമ്മുടെ മനസ്സിനെയാണ്. നമ്മുടെ മനസ്സിനെ കേൾക്കാനും, അതിന് വേണ്ട പരിചരണം നൽകാനും നാം മടികാണിച്ചുകൂടാ...
മാനസികാരോഗ്യം എന്നത് ജീവിതത്തെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാനുള്ള കരുത്താണ്. ഖത്തറിൽ മാനസികാരോഗ്യ പിന്തുണ ആവശ്യമുള്ള ഏതൊരാൾക്കും ഹമദ് മെഡിക്കൽ കോപറേഷന്റെ (എച്ച്.എം.സി) നാഷണൽ മെന്റൽ ഹെൽത്ത് ഹെൽപ് ലൈൻ പ്രയോജനപ്പെടുത്താം. പ്രായ, ലിംഗ, ദേശ ഭേദമില്ലാതെ ഏവർക്കും ലഭ്യമാവുന്ന സേവനം പൂർണമായും രഹസ്യാത്മകവും സുരക്ഷിതവുമായിരിക്കും.
നഴ്സുമാർ, സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ എന്നിവരുൾപ്പെടെ പരിചയസമ്പന്നരായ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ഹെൽപ് ലൈനിൽ ഉറപ്പാക്കുന്നു. ഹെൽപ് ലൈൻ നമ്പറായ 16000 -ൽ വിളിച്ച് മാനസികാരോഗ്യത്തിനായി ഓപ്ഷൻ 4 തിരഞ്ഞെടുത്ത് ആവശ്യമുള്ളവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ, രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ഹെൽപ്പ്ലൈൻ പ്രവർത്തിക്കും.
നാഷണൽ മെന്റൽ ഹെൽത്ത് ഹെൽപ് ലൈൻ സേവനങ്ങൾ കൂടുതൽ പേർ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഹമദ് മെഡിക്കൽ കോപറേഷൻ അധികൃതർ അറിയിച്ചു. ഖത്തറിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി തുടർച്ചയായി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും കഴിഞ്ഞവർഷം മാത്രം 19,238 കോളുകൾ ലഭിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
മാനസികാരോഗ്യ വിഭാഗത്തിലേക്കും സൈക്കോളജി ക്ലിനിക്കുകളിലേക്കും റഫർ ചെയ്യപ്പെടുന്നവർക്കായി വിപുലമായ ട്രയാജ് (triage) സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ആവശ്യക്കാർക്ക് ഏറ്റവും അനുയോജ്യമായ ക്ലിനിക്കുകളിൽ കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നു. മുൻ വർഷം പരിചയസമ്പന്നരായ മാനസികാരോഗ്യ നഴ്സുമാരുടെ ഹെൽപ് ലൈൻ ട്രയേജ് ടീം 12,700 ലധികം കോളുകൾക്ക് ആവശ്യമായ പിന്തുണയും നിർദേശങ്ങളും നൽകി. അതേസമയം, ഏകദേശം 1,400 പുതിയ രോഗികൾക്ക് സൈക്കോളജി ടീം ടോക്കിങ് തെറാപ്പിയും ലഭ്യമാക്കി. 4,225 കോളുകൾക്ക് റാപ്പിഡ് ഇന്റർവെൻഷൻ ടീം മറുപടി നൽകുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ, റാപ്പിഡ് ഇന്റർവെൻഷൻ സേവനത്തിലൂടെ, രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിൽതന്നെ ആവശ്യമായ ചികിത്സ ഉറപ്പാക്കി 400ലധികം രോഗികൾ അടിയന്തര ചികിത്സാ വിഭാഗത്തിൽ (Emergency Department) എത്തേണ്ട സാഹചര്യം ഒഴിവാക്കിയതായും എച്ച്.എം.സി അധികൃതർ വിവരിച്ചു. മാനസികാരോഗ്യ പിന്തുണ ആവശ്യമുള്ളവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് എച്ച്.എം.സി അഭ്യർത്ഥിച്ചു.
ഹമദ് മെഡിക്കൽ കോപറേഷന്റെ നാഷനൽ മെന്റൽ ഹെൽത്ത് ഹെൽപ് ലൈൻ നമ്പർ -16000
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.