ദൗ ഫെസ്റ്റിവലിൽ ഒരുക്കിയ പവിലിയനിലെ കാഴ്ചകൾ ചിത്രം -അഷ്കർ ഒരുമനയൂർ
ദോഹ: ഖത്തറിന്റെ സമ്പന്നമായ സമുദ്ര പൈതൃകങ്ങളുടെ പ്രദർശനവുമായി 15ാമത് കതാറ ദൗ ഫെസ്റ്റിവൽ (പായക്കപ്പൽ മേള) കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷനിൽ പുരോഗമിക്കുന്നു. കതാറയിലെ ബീച്ചിന്റെ തെക്കു ഭാഗത്തായി വൈകീട്ട് മൂന്നു മുതൽ രാത്രി 10 വരെയാണ് പ്രവേശനം. ഡിസംബർ 18 വരെ ഫെസ്റ്റിവൽ തുടരും. ഖത്തറിന്റെയും മേഖലയുടെയും പരമ്പരാഗത കടൽ ജീവിതവും കാഴ്ചകളുമായി ആഘോഷ നാളുകളാണ് ഫെസ്റ്റിവൽ വേദിയിൽ നടക്കുന്നത്. ഖത്തറിന്റെയും അറബ് ലോകത്തിന്റെയും കടലോര ജീവിതത്തിന്റെ പൈതൃകം വിളിച്ചോതുന്ന പ്രദർശനങ്ങളോടെയാണ് ഫെസ്റ്റിവൽ പുരോഗമിക്കുന്നത്. വൈവിധ്യമാർന്ന പരിപാടികളാണ് ഇത്തവണ പായക്കപ്പൽ ഫെസ്റ്റിനായി ഒരുക്കിയിട്ടുള്ളത്.
സാംസ്കാരിക പരിപാടികൾ, കലാകാരന്മാരുടെ പ്രദർശനങ്ങൾ, കലാപ്രകടനങ്ങൾ, ശിൽപശാലകൾ, വിവിധ മത്സരങ്ങൾ എന്നിവ വിവിധ ദിവസങ്ങളിലായി അരങ്ങേറും. കടലും, മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട മത്സരങ്ങൾ ഏറെ ആകർഷകമാണ്. ഓരോ വർഷവും സ്വദേശികൾ, താമസക്കാർ എന്നിവർക്കു പുറമെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെയും ആകർഷിക്കുന്നതാണ് കതാറ ദൗ ഫെസ്റ്റ്.ഖത്തറിനു പുറമെ, ഒമാൻ, കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ, ഫലസ്തീൻ, ഇന്ത്യ, ഇറാൻ, താൻസനിയ, ഇറാഖ്, സുഡാൻ എന്നിങ്ങനെ 12 രാജ്യങ്ങളിൽ നിന്നുള്ളവർ ഈ വർഷം പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ആദ്യമായാണ് സുഡാൻ കതാറ ദൗ ഫെസ്റ്റിവലിന്റെ ഭാഗമാകുന്നത്.
അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട പ്രകൃതി സംരക്ഷണ കേന്ദ്രത്തിന്റെ ചിത്രങ്ങൾ, സുഡാനീസ് കരകൗശല വിദഗ്ധരുടെ വൈദഗ്ധ്യവും സമുദ്ര പരിസ്ഥിതിയുടെ തനിമയും പ്രതിഫലിക്കുന്ന സമ്പന്നമായ പ്രദർശനമാണ് സുഡാൻ പവിലിയനിൽ ഒരുക്കിയിട്ടുള്ളത്.‘ഖത്തരി ഹെറിറ്റേജ് കലക്ഷൻ’ എന്ന പവിലിയൻ സമുദ്രയാത്രക്കാരുടെ ചരിത്രവും അവരുടെ പൂർവികരുടെ ജീവിതത്തെയും പ്രതിഫലിപ്പിക്കുന്ന അപൂർവ വസ്തുക്കൾ കൊണ്ട് ശ്രദ്ധ ആകർഷിക്കുന്നതാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമുദ്ര പാരമ്പര്യത്തിന്റെ ആഘോഷം പ്രതിഫലിക്കുന്ന മേളയിൽ സാംസ്കാരിക പരിപാടികൾ, വിനോദങ്ങൾ, മത്സരങ്ങൾ എന്നിവയുമായി സജീവമാകും. പരമ്പരാഗത സമുദ്രയാന കലകളും അവതരിപ്പിക്കപ്പെടും. പവിഴങ്ങളുടെ പ്രദർശനം, മുത്തും പവിഴവുംകൊണ്ട് കരകൗശല വസ്തുക്കളുടെയും ആഭരണങ്ങളുടെയും നിർമാണവും വിൽപനയും, പൗരാണിക കാലങ്ങളിൽ മേഖലയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്ന ചിപ്പിയിൽ നിന്നും മുത്ത് എടുക്കുന്ന രീതിയിൽ പകർന്നു നൽകൽ എന്നിവയും ‘ദൗ ഫെസ്റ്റിന്റെ ആകർഷണമാണ്.
നാടൻ കലാ പ്രകടനങ്ങൾ, വർക്ക്ഷോപ്പുകൾ, കപ്പൽ യാത്രക്കുള്ള ഉപകരണങ്ങളുടെയും പരമ്പരാഗത തടിക്കപ്പൽ നിർമാണ വിദ്യകളുടെയും പ്രത്യേക പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടുന്ന പരിപാടികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, തുഴച്ചിൽ, മത്സ്യബന്ധന മത്സരങ്ങൾ, പ്രത്യേക പൈതൃക പ്രദർശനങ്ങൾ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.