ദോഹ: തദ്ദേശീയമായി വിളവെടുത്ത മുന്തിയതും വൈവിധ്യവുമാർന്ന ഈത്തപ്പഴങ്ങളുമായി, ഈത്തപ്പഴ പ്രേമികൾക്ക് മധുരമൂറും ഉത്സവകാലം സമ്മാനിച്ചുകൊണ്ട് പത്താമത് ഈത്തപ്പഴ മേള സൂഖ് വാഖിഫിൽ വ്യാഴാഴ്ച ആരംഭിക്കും. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും സൂഖ് വാഖിഫും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക ഈത്തപ്പഴമേള ഈസ്റ്റേൺ സ്ക്വയറിൽ ഇന്ന് മുതൽ ആഗസ്റ്റ് ഏഴുവരെ നീളും. മേഖലയിലെ തന്നെ ഏറ്റവും വലിയ വിപണന മേളക്കാണ് സൂഖ് വാഖിഫ് ഒരുങ്ങുന്നത്.
രാജ്യത്ത് ഉൽപാദിപ്പിക്കുന്ന വിവിധയിനം ഈത്തപ്പഴങ്ങൾ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പരിചയപ്പെടുത്തും. പ്രാദേശിക ഫാമുകളിൽനിന്നും കർഷകരിൽ നിന്നും എടുക്കുന്ന ഉൽപന്നങ്ങളാണ് സൂഖ്വാഖിഫിലെ മേളയിലുണ്ടാവുക. 892ലധികം ഫാമുകളിൽനിന്നായി 26,000 ടണ്ണിലധികം ഈത്തപ്പഴത്തിന്റെ വാർഷിക ഉൽപാദനം പ്രദർശിപ്പിക്കുന്ന മേള ഖത്തറിന്റെ സമ്പന്നമായ കാർഷിക പൈതൃകത്തെ, പ്രത്യേകിച്ച് ഈത്തപ്പഴ കൃഷിയെയും പ്രാദേശിക കർഷകരെയും പിന്തുണക്കുന്നതാണ്. പരിപാടിയിൽ സന്ദർശകർക്ക് വിവിധ ഈത്തപ്പഴ ഇനങ്ങൾ വാങ്ങുകയും ആസ്വദിക്കുകയും ചെയ്യാം.ദേശീയ ഉൽപന്നങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം വിവിധ ഇനം ഈത്തപ്പഴങ്ങളെ പരിചയപ്പെടുത്തുകയുമാണ് മേളയിലൂടെ ലക്ഷ്യം വെക്കുന്നത്. പ്രാദേശിക ഫാമുകൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള സുവർണാവസരമാണ് മേളയിലൂടെ കൈവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.