ദോഹ: സൂഖ് വാഖിഫിൽ നടന്ന പത്താമത് പ്രാദേശിക ഈത്തപ്പഴ മേളക്ക് സമാപനം. 90,600 സന്ദർശകരാണ് രണ്ടാഴ്ച നീണ്ട മേളയിലെത്തിയത്. പ്രാദേശിക ഈത്തപ്പഴങ്ങളുടെ പ്രദർശനവും വിൽപനയും ലക്ഷ്യമിട്ട് നടത്തുന്ന മേളയിൽ വിറ്റു പോയത് 170,403 കിലോഗ്രാം ഈത്തപ്പഴങ്ങളാണ്. 90,600 സന്ദർശകരാണ് ആകെയെത്തിയത്.
ഖലാസ് ഈത്തപ്പഴത്തിനായിരുന്നു ആവശ്യക്കാർ കൂടുതൽ. 75,658 കിലോഗ്രാം ഖലാസ് ആണ് വിറ്റുപോയത്. ഷീഷി ഈത്തപ്പഴമാണ് രണ്ടാമത്. വിറ്റത് 33,057 കിലോഗ്രാം. മറ്റു ഇനങ്ങളായ ഖനീസി 31,232 കിലോഗ്രാമും ബർഹി 18,772 കിലോഗ്രാമും വിറ്റഴിക്കപ്പെട്ടു. ഈത്തപ്പഴങ്ങളിലെ മറ്റിനങ്ങളിൽ 12,684 കിലോഗ്രാമിന്റെ വിൽപന നടന്നു. 2,057 കിലോയുടെ ഈത്തപ്പഴയിതര പഴവർഗങ്ങളും വിറ്റുപോയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
പൗരന്മാരും താമസക്കാരും കുടുംബങ്ങളും വിനോദസഞ്ചാരികളും ഒരുപോലെ വൈവിധ്യമാർന്ന ഈന്തപ്പഴ മേള കാണാൻ സൂഖ് വാഖിഫിലേക്ക് ഒഴുകിയെത്തിയിരുന്നു.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 114 ഫാമുകളാണ് ഈത്തപ്പഴ മേളയിൽ പങ്കെടുത്തത്. ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ഫാമുകളുടെ എണ്ണത്തിലും ഓരോ വർഷവും വർധനയുണ്ട്. 2016 ൽ ആദ്യ ഫെസ്റ്റിവലിൽ 19 ഫാമുകൾ മാത്രമാണ് പങ്കെടുത്തിരുന്നതെങ്കിൽ, 2024ൽ അത് 110 എണ്ണമായിരുന്നു.
അഗ്രികൾച്ചറൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുമായും സൂഖ് വാഖിഫ് അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിച്ച ഫെസ്റ്റിവൽ പ്രാദേശിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.