ദോഹ: കോവിഡ്–19നെതിരായ ആഗോള പോരാട്ടത്തിന് പിന്തുണ നൽകുന്നതിന് ഖത്തറടക്കം അഞ്ച് രാജ്യങ്ങളുടെ ഫ്രണ്ട്സ് ഓഫ് സോളിഡാരിറ്റി സഖ്യ സംരംഭത്തിന് തുടക്കം കുറിച്ചു. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന വിർച്വൽ ചടങ്ങിലാണ് സൗഹൃദ ഐക്യദാർഢ്യ സംഘത്തിന് രൂപം നൽകിയത്. ഖത്തറിന് പുറമേ, ദക്ഷിണ കൊറിയ, കാനഡ, ഡെൻമാർക്ക്, സിയറ ലിയോൺ എന്നീ രാഷ് ട്രങ്ങളാണ് സംഘത്തിലുള്ളത്.
കോവിഡ്–19നെതിരായ പോരാട്ടത്തിൽ ആഗോള ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഫ്രണ്ട്സ് ഓഫ് സോളിഡാരിറ്റി ഗ്രൂപ്പിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി. കോവിഡ്–19 മഹാമാരിക്കെതിരെ ഒരുമിച്ചിരുന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പരസ്പരം സഹകരിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള പ്രാധാന്യമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉയർന്നുവരുന്നത് ഈ സംഘം പരിശോധിക്കുമെന്നും അതിനെ മറികടക്കാനുള്ള മാർഗങ്ങൾ പരിശോധിക്കുന്നതോടൊപ്പം യു.എന്നുമായി ചേർന്ന് പ്രത്യേക സ്ട്രാറ്റജി തയ്യാറാക്കുമെന്നും രൂപീകരണ ചടങ്ങിൽ വിദേശകാര്യമന്ത്രി വിശദീകരിച്ചു.
കോവിഡ്–19നെതിരായ പോരാട്ടത്തിൽ ലോകം പരാജയപ്പെടാൻ പാടില്ലെന്നും ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെയല്ലാതെ നമ്മൾ ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ദക്ഷിണ കൊറിയ, ഡെൻമാർക്ക്, കാനഡ, സിയറ ലിയോൺ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.