ദോഹ കോർണിഷിൽ ചൊവ്വാഴ്ച വൈകുന്നേരമെത്തിയ ആൾകൂട്ടം
ദോഹ: ആഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കും അതിർവരമ്പുകൾ നിശ്ചയിച്ച കോഡിന്‍റെ രണ്ടു വർഷക്കാലത്തെ ശിക്ഷണത്തിനൊടുവിൽ വന്നെത്തിയ പെരുന്നാളിലെ ആഘോഷമാക്കിമാറ്റി കതാറയും കോർണിഷും. പെരുന്നാൾ ദിനത്തിൽ ഖത്തറിൽ ഏറ്റവും കൂടുതൽ ജനമൊഴുകിയെത്തിയത് സാംസ്കാരിക നഗരിയായ കതാറയിലേക്കായിരുന്നു. വൈകുന്നേരം മൂന്ന് മണിക്കു തന്നെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജനം ഒഴുകി.
കവാടത്തിൽ കുട്ടികൾക്ക് മധുരവും സമ്മാനങ്ങളും നൽകിയായിരുന്നു സ്വീകരിച്ച്. രാത്രിയോടെ കതാറിയിലെ വിശാലമായ മുറ്റവും കടൽ തീരവും ജനനിബിഡമായി മാറി. സ്വദേശികളും, വിവിധ ദേശക്കാരായ പ്രവാസികളുമെല്ലാം ഇവിടെയെത്തിയിരുന്നു. അവർക്ക് വിനോദവും സന്തോഷവും പകർന്നുകൊണ്ട് നിരവധി കലാകാരന്മാരും രംഗത്തെത്തി. ഗാനവും നൃത്തവും വാദ്യമേളങ്ങളും അവതരിപ്പിച്ചുകൊണ്ടാണ് കതാറയിൽ പരിപാടികൾ അരങ്ങേറിയത്. രാത്രിയോടെ, കടൽതീരത്ത് ആകർഷകമായ വെടിക്കെട്ടും നടന്നു.
പെരുന്നാളിന്‍റെ രണ്ടാം ദിനമായ ചൊവ്വാഴ്ച മുതൽ മൂന്നു ദിവസമാണ് കോർണിഷിലെ ആഘോഷ പരിപാടികൾ നടക്കുന്നത്. വൈകുന്നേരം നാല് മുതൽ ആരംഭിച്ച പരിപാടികളിലേക്കായി നേരത്തെ തന്നെ സന്ദർശകർ കോർണിഷിലേക്ക് ഒഴുകി. അതിനിടെ, പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് ആദ്യ ദിനത്തിലെ ബലൂൺ പരേഡ് റദ്ദാക്കി. 4.30ന് നടക്കേണ്ടിയിരുന്ന പരേഡ് ആദ്യം 9.30ലേക്ക് മാറ്റിവെച്ചിരുന്നു. പിന്നീടാണ് റദ്ദാക്കിയത്.
നാല് മണിക്ക് ഹീലിയം ബലൂൺ പ്രദർശനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി. അഞ്ചു മണി മുതൽ വിവിധ കലാ, കായിക പരിപാടികൾ അരങ്ങേറി. തുടർന്ന് മഹ്മൂദ് അൽ തുർകിയുടെ നേതൃത്വത്തിലെ ഗാന പരിപാടികൾ നടന്നു. രാത്രി ഒമ്പതിനായിരുന്നു വർണാഭമായ വെടിക്കെട്ട്. രണ്ടാം ദിനമായ ബുധനാഴ്ച നാസർ അൽ കുബൈസിയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.