വാട്ട് ഗ്രാവിറ്റി ചാലഞ്ച് ഹൈജംപിൽ കിരീടം ചൂടിയ ദക്ഷിണകൊറിയയുടെ വൂ സാങ്യോകും
യാറസ്ലാവ് മഹുചികും
ദോഹ: ലോകത്തെ മുൻനിര ഹൈജംപ് താരങ്ങൾ മാറ്റുരച്ച വാട്ട് ഗ്രാവിറ്റി ചാലഞ്ചിൽ കിരീടമണിഞ്ഞ് യുക്രെയ്നിന്റെ യാറസ്ലാവ് മഹുചികും ദക്ഷിണകൊറിയയുടെ വൂ സാങ്യോകും. വെള്ളിയാഴ്ച രാത്രി വൈകും വരെ കതാറ ആംഫി തിയറ്ററിൽ ആവേശം വിതറിയ ഹൈജംപ് പോരാട്ടത്തിനൊടുവിലായിരുന്നു മിന്നും പ്രകടനവുമായി ലോകതാരങ്ങൾ കിരീടമണിഞ്ഞത്.
പുരുഷ വിഭാഗത്തിൽ 2.29 മീറ്റർ ഉയരം കണ്ടെത്തിയാണ് ദക്ഷിണ കൊറിയൻ താരം വൂ സാങ് കിരീടത്തിൽ മുത്തമിട്ടത്. ജപ്പാന്റെ റോയിചി അകമറ്റ്സു 2.26 മീറ്റർ ചാടി രണ്ടാം സ്ഥാനത്തും ജമൈക്കയുടെ റെയ്മണ്ട് റിച്ചാർഡ്സ് 2.26 മീറ്റർ ഉയരം കണ്ടെത്തി മൂന്നാമതുമെത്തി. വാട്ട് ഗ്രാവിറ്റി ചലഞ്ചിന്റെ സ്ഥാപകനും പ്രഥമ സീസണിലെ ജേതാവുമായ ഖത്തറിന്റെ ഒളിമ്പിക്സ് ലോകചാമ്പ്യൻ മുഅതസ് ബർഷിം പരിക്കിനെതുടർന്ന് മത്സരിച്ചില്ല. അവസാന നിമിഷമായിരുന്നു താരം പരിക്കുകാരണം പിൻവാങ്ങിയത്. നാലുതവണ ലോകചാമ്പ്യനായ ബർഷിമിന് ആറാഴ്ചയാണ് വിശ്രമം നിർദേശിച്ചത്.
പാരിസ് ഒളിമ്പിക്സ് ചാമ്പ്യൻ ന്യൂസിലൻഡിന്റെ ഹാമിഷ് ഖെർ, ലോകചാമ്പ്യൻഷിപ് വെള്ളി മെഡൽ ജേതാവ് അമേരിക്കയുടെ ജുവോൺ ഹാരിസൺ എന്നിവർ ഉൾപ്പെടെ ലോകത്തെ മുൻനിരയിലുള്ള 11 ഹൈജംപ് താരങ്ങളാണ് ചാലഞ്ചിൽ മാറ്റുരച്ചത്. ഖെർ 10ഉം ഹാരിസൺ ഒമ്പതാം സ്ഥാനത്തുമായി. ജേതാവായ വൂ ആദ്യ ശ്രമത്തിൽ 2.15 മീറ്റർ കടന്നായിരുന്നു തുടങ്ങിയത്. ശേഷം, 2.20, 2.23, 2.26 മീറ്ററുകൾ ഉയർന്ന് ഏറ്റവും ഒടുവിൽ കിരീടം ഉറപ്പിച്ച ഉയരവും കണ്ടെത്തി.
ലോകത്തെ ഏറ്റവും മികച്ച ഹൈജംപ് താരങ്ങളുമായി മത്സരിച്ച് വിജയിക്കാൻ കഴിഞ്ഞതിലെ സന്തോഷം താരം പങ്കുവെച്ചു. വനിത വിഭാഗത്തിൽ നിലവിലെ ഒളിമ്പിക്സ് ജേത്രിയും ലോകചാമ്പ്യൻഷിപ്, വേൾഡ് ഇൻഡോർ ചാമ്പ്യൻഷിപ് സ്വർണമെഡൽ ജേതാവുമായ യാറസ്ലാവ് മഹുചിക് 2.02 മീറ്റർ ഉയരം താണ്ടിയാണ് ഖത്തറിൽ മെഡലണിഞ്ഞത്.
ആസ്ട്രേലിയയുടെ ഇലാനോർ പറ്റേഴ്സൺ 1.96 മീറ്റർ ചാടി രണ്ടാം സ്ഥാനത്തും പോളണ്ടിന്റെ മരിയ സോഡ്സിക് മൂന്നാമതുമെത്തി. 2024 പാരിസ് ഒളിമ്പിക്സിൽ 2.10 മീറ്റർ ചാടി സ്വർണം നേടിയ മഹുചിക് നിലവിലെ ലോകറെക്കോഡിന് ഉടമ കൂടിയാണ്. മത്സരശേഷം, ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി, ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ, ഖത്തർ അത്ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് ഈസ അൽ ഫദലാ എന്നിവർ ചേർന്ന് കിരീടം സമ്മാനിച്ചു. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി മത്സരവേദിയിൽ മുഖ്യാതിഥിയായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.