ദോഹ: ലോകകപ്പ് വേദിയൊരുക്കുക എന്നതിനേക്കാൾ വലിയ സ്വപ്നമാണ് വിശ്വമേളയിൽ ഖത്തർ ദേശീയ ടീം മികച്ച പ്രകടനം പുറത്തെടുത്ത് അഭിമാനമാവുക എന്നത്. ആ സ്വപ്നങ്ങൾക്ക് ചിറകേകുന്ന വാർത്തകളാണ് അമേരിക്കയിൽനിന്നും കേൾക്കുന്നത്. മധ്യ-വടക്കൻ അമേരിക്കൻ, കരീബിയൻ ടീമുകൾ മാറ്റുരക്കുന്ന 'കോൺകകാഫ്' വൻകരയുടെ മേളയിൽ മിന്നുന്ന ജയത്തോടെ ഖത്തർ ക്വാർട്ടറിൽ ഇടം പിടിച്ചു. നിർണായകമായ അവസാന ഗ്രൂപ് മത്സരത്തിൽ കരുത്തരായ ഹോണ്ടുറാസിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഖത്തർ വീഴ്ത്തിയത്.
ജയം, അല്ലെങ്കിൽ സമനില എന്ന ലക്ഷ്യവുമായിറങ്ങിയ ഖത്തർ എതിരാളികളെ തീർത്തും നിഷ്പ്രഭമാക്കി. ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചായിരുന്നു കളി. ഇടതടവില്ലാതെ ഹോണ്ടുറാസ് പകുതിയിലേക്ക് പന്തിറക്കിയ അക്രം അഫിഫിയും അബ്ദുൽ അസീസ് ഹാതിമും കളി നിയന്ത്രിച്ചു. സ്റ്റാർ സ്ട്രൈക്കർ അൽമോയസ് അലിയെ എതിരാളികൾ പൂട്ടിയിട്ടപ്പോൾ അവസരത്തിനൊത്തുയർന്ന സഹതാരങ്ങളാണ് കളി പിടിച്ചത്. 25ാം മിനിറ്റിൽ ഹുമാൻ അഹമ്മദും, 94ാം മിനിറ്റിൽ അബ്ദുൽ അസീസ് ഹാതിമും ഗോൾ നേടി.
ഇതിനിടെ, അക്രം അഫിഫിെൻറ പെനാൽട്ടി എതിർ ഗോൾകീപ്പർ തടഞ്ഞിട്ടു. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് ഖത്തർ ക്വാർട്ടറിലെത്തിയത്. 25ന് പുലർച്ചെ നടക്കുന്ന മത്സരത്തിൽ എൽസാൽവദോറാണ് എതിരാളി. നേരത്തെ സന്നാഹ മത്സരത്തിൽ ഖത്തർ എൽസാൽവദോറിനെ തോൽപിച്ചിരുന്നു. ക്വാർട്ടർ കടമ്പ കടന്നാൽ, അമേരിക്ക -ജമൈക്ക മത്സരത്തിലെ വിജയികളാവും സെമിയിൽ ഖത്തറിെൻറ എതിരാളി. മറ്റൊരു ക്വാർട്ടറിൽ മെക്സിസോ ഹോണ്ടുറാസിനെയും, കോസ്റ്റാറിക കാനഡയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.