49ാമത് ശൂറ കൗൺസിലിൻെറ സമാപന സെഷനിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സായിദ് ആൽ മഹ്മൂദ് സംസാരിക്കുന്നു
ദോഹ: ശൂറാ കൗൺസിൽ 49ാം സെഷന് ഔദ്യോഗിക സമാപനം. സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സായിദ് ആൽ മഹ്മൂദിൻെറ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിലാണ് സമാപനം കുറിച്ചത്.
ശൂറാ കൗൺസിലിന് പിന്തുണയും ആത്മവിശ്വാസവും നൽകിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും പ്രശംസിക്കുന്നതായും കൗൺസിൽ സ്പീക്കർ വ്യക്തമാക്കി.
അമീർ നൽകിയ പിന്തുണയിൽ ശൂറാ കൗൺസിൽ അതിൻെറ കർത്തവ്യം ഭംഗിയായി നിർവഹിച്ചുവെന്നും രാജ്യത്തിനും പൗരന്മാർക്കും സേവനം ചെയ്യാനായെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
ശൂറാ കൗൺസിലിന് മുന്നിലെത്തിയ എല്ലാ കരട് നിയമങ്ങളും വിശദമായി പഠിച്ചുവെന്നും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയതായും അദ്ദേഹം സൂചിപ്പിച്ചു.
ശൂറാ കൗൺസിലിൻെറ തെരഞ്ഞെടുപ്പിനാവശ്യമായ എല്ലാ അടിസ്ഥാന പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. നിയമനിർമാണത്തിൽ ജനങ്ങളുടെ പങ്ക് കൂടി കൊണ്ടുവരുന്നതിനും ശൂറാ കൗൺസിൽ വികസിപ്പിക്കുന്നതിനുമായുള്ള അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ കാഴ്ചപ്പാടാണ് തെരഞ്ഞെടുപ്പിലൂടെ നടപ്പാക്കുന്നത്.
നിരവധി നേട്ടങ്ങളാണ് ഇതിനകം ശൂറാ കൗൺസിൽ സ്വന്തമാക്കിയത്.അംഗങ്ങളുടെ പ്രയത്നവും സർക്കാർ സഹകരണവും ഇതിന് പിൻബലമേകി. രാജ്യത്തിനെതിരായ അന്യായമായ ഉപരോധവും കോവിഡ് മഹാമാരിയും ഇതിനിടയിൽ പ്രതിസന്ധിയായി വന്നിട്ടുണ്ട്.
കരട് നിയമങ്ങളിൽ കേവലം പഠനം, ചർച്ച, നിർദേശങ്ങൾ നൽകൽ എന്നിവ മാത്രമല്ലായിരുന്നുവെന്നും ആവശ്യമായ ഘട്ടങ്ങളിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത പൊതുചർച്ചകളും നടന്നിട്ടുണ്ട്.
സാമ്പത്തികകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ഗതാഗത അപകടങ്ങൾ, ഭക്ഷ്യസുരക്ഷ, വിദേശനയം, സർവകലാശാല വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ സെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട് - അദ്ദേഹം വിശദീകരിച്ചു.
ശൂറാ കൗൺസിലിൻെറ ചരിത്രവും വികാസവുമായി ബന്ധപ്പെട്ട് തയാറാക്കിയ 'ഹാഫ് സെഞ്ചുറി ഓഫ് ഗിവിങ്', 'സ്പോട്ട് ലൈറ്റ് ഒാൺ ദി ശൂറാ കൗൺസിൽ' എന്നീ പുസ്തകങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.പുതിയൊരു ശൂറാ കൗൺസിലിനായിരിക്കും ഇനി രാജ്യവും ജനതയും സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ശൂറാ കൗൺസിൽ സ്ഥാപനം, പരിശോധന, ഘട്ടമായുള്ള വികാസം തുടങ്ങിയ നാഴികക്കല്ലുകളാണ് ശൂറാ കൗൺസിൽ പിന്നിട്ടിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ വിശാലമായ ജനകീയ പങ്കാളിത്തത്തോടെയുള്ള, മഹത്തായ നേതൃത്വത്തിൻെറയും പൈതൃക മൂല്യങ്ങളുടെയും ധാർമികാടിത്തറയുടെയും പാരമ്പര്യങ്ങളുടെയും കീഴിലുള്ള പുതിയ ശൂറാ കൗൺസിലാണ് വരാനിരിക്കുന്നത്.
ഡെപ്യൂട്ടി സ്പീക്കർ, നിരീക്ഷകർ, സ്ഥിരം സമിതികളിലെ റിപ്പോർട്ടർമാർ എന്നിവർക്കെല്ലാം നന്ദി അറിയിക്കുകയാണെന്നും സ്പീക്കർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.