ജൂഡോ ലോകചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ജപ്പാന്റെയും റണ്ണേഴ്സ് അപ്പായ ഫ്രാൻസിന്റെയും ടീം അംഗങ്ങൾക്കൊപ്പം ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൂആൻ ബിൻ ഹമദ്
ആൽഥാനി
ദോഹ: കൈ-മെയ് കരുത്തുമായി മല്ലന്മാരുടെ പോരാട്ടത്തിന് കൊടിയിറങ്ങിയപ്പോൾ ജൂഡോയുടെ ഉപജ്ഞാതാക്കളായ ജപ്പാനെ വെല്ലാൻ ആരുമില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. ഖത്തർ വേദിയായ ഐ.ജെ.എഫ് വേൾഡ് ജൂഡോ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകളുമായി ജപ്പാൻ കിരീടമണിഞ്ഞു. ഒരാഴ്ച നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ, ടീം ചാമ്പ്യൻഷിപ് നടന്ന അവസാന ദിനത്തിൽ യൂറോപ്യൻ കരുത്തരായ ഫ്രാൻസിനെ വീഴ്ത്തിയാണ് ജപ്പാൻ കിരീടമണിഞ്ഞത്. ഏറ്റവും ആവേശകരമായ മിക്സഡ് ടീം ഇനമായിരുന്നു ചാമ്പ്യൻഷിപ്പിന്റെ പോരാട്ടത്തിന് ത്രില്ല് പകർന്നത്.
നാല് വൻകരകളിൽനിന്നുള്ള 166 താരങ്ങൾ 18 രാജ്യങ്ങളായി മത്സരിച്ചപ്പോൾ ഒന്നാം റൗണ്ട് മുതൽ പോരാട്ടം കനത്തു. ഫൈനലിൽ കരുത്തരായ ജപ്പാനും ഫ്രാൻസും ഏറ്റുമുട്ടിയപ്പോൾ ആവേശം കൊടുമുടിയേറി. നിറഞ്ഞ ഗാലറി ഇരുടീമിനും പിന്തുണയുമായി നിലയുറപ്പിച്ചു. മികച്ച ടീമിനെയാണ് രണ്ട് സംഘവും അവതരിപ്പിച്ചത്.
ക്വാർട്ടറിൽ ജപ്പാൻ നെതർലൻഡ്സിനെയും ഫ്രാൻസ് ജർമനിയെയും വീഴ്ത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. പുരുഷ-വനിത താരങ്ങൾ ഏഴ് വിഭാഗങ്ങളിലായി മാറ്റുരക്കുന്നതായിരുന്നു മിക്സഡ് ടീം പോരാട്ടം. ഇഞ്ചോടിഞ്ച് മാറിമറിഞ്ഞ ഫലങ്ങൾക്കൊടുവിൽ 4-3ന് ജപ്പാൻ ഫ്രാൻസിനെ വീഴ്ത്തി. 90 കിലോയിൽ ഗോകി തജിമ, 90+ കിലോയിൽ താറ്റസുരു സയ്റ്റോ, 57 കിലോയിൽ ഹാരുക ഫുനാകുബോ, 70 കിലോയിൽ സാകി നിസോ എന്നിവർ ജപ്പാനുവേണ്ടി വിജയം നേടി.
ഫ്രാൻസിനായി 73 കിലോയിൽ ഗബ ജൂആൻ, 70 കിലോയിൽ മർഗോസ് പിനോറ്റ്, 70+ കിലോയിൽ കൊരാളി ഹെയിം എന്നിവരും വിജയിച്ചു. ഇരു ടീമുകളിലുമായി ഒളിമ്പിക്സ്, ലോക-യൂറോപ്യൻ ചാമ്പ്യന്മാരായിരുന്നു അണിനിരന്നത്. ആദ്യഘട്ടത്തിൽ ഫ്രാൻസ് 2-0ത്തിന് ലീഡ് ചെയ്ത ശേഷമായിരുന്നു ജപ്പാന്റെ തിരിച്ചുവരവ്. ആദ്യ ആറു ദിനങ്ങളിലായി വ്യക്തിഗത ഇനങ്ങൾ പൂർത്തിയായിരുന്നു. ആറ് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ജപ്പാൻ 12 മെഡലുകളുമായി ഒന്നാമതെത്തി. ടീം, വ്യക്തിഗതം ഉൾപ്പെടെയാണ് ഈ മെഡൽ നില. രണ്ട് സ്വർണം, നാല് വെള്ളി, നാല് വെങ്കലം ഉൾപ്പെടെ എട്ട് മെഡലുകൾ നേടിയ ഫ്രാൻസാണ് രണ്ടാമത്.
അലി ബിൻ ഹമദ് അൽ അതിയ്യ അറിനയിൽ നടന്ന മത്സരങ്ങളുടെ സമാപന ചടങ്ങിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി, ഐ.ജെ.എഫ് പ്രസിഡൻറ് മരിയസ് വിസർ എന്നിവർ പങ്കെടുത്തു. ഖത്തറിന്റെ സംഘാടനത്തെ അന്താരാഷ്ട്ര ഫെഡറേഷൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.