എിക്കേഷൻ സിറ്റിയിലെ കാർ ഫ്രീ ഡേയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റ്
ദോഹ: ഓരോ ചുവടുവെപ്പും പരിസ്ഥിതിയെ നോവിക്കാതെ. കാർബർ പുറംന്തള്ളുന്നത് പരമാവധി കുറച്ച്, ചുറ്റുപാടിനെ നോവിക്കാതെ ചേർത്ത് പിടിക്കുക. ഈ സന്ദേശം എല്ലാവരിലേക്കും പകരുന്നതാണ് ഖത്തർ ഫൗണ്ടേഷെൻറ നടപടികൾ. ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനമായ ഏജുക്കേഷൻ സിറ്റിയിൽ 'കാർ ഫ്രീ' ദിനമായി ആചരിച്ചുകൊണ്ടായിരുന്നു പുതിയൊരു പരിസ്ഥിതി സന്ദേശം പകർന്നു നൽകിയത്.
രാവിലെ 5.30 മുതൽ വൈകീട്ട് ആറുവരെ കാമ്പസ് കാർ ഫ്രീ സോണായി. അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾക്ക് കാമ്പസിന് അകത്തേക്ക് പ്രവേശനം വിലക്കിയായിരുന്നു മാതൃകാപരമായ 'കാർ ഫ്രീ ഡേ' ദിനാചരണം. സിറ്റിക്ക് പുറത്ത് നിശ്ചിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്ത ശേഷം, ട്രാമുകളോ ഇ-സ്കൂട്ടർ വഴിയോ കാൽനടയായോ ഓഫിസുകളിലെത്താം.
ട്രാമുകളിൽ കയറി സമീപ സ്റ്റോപ്പിൽ ഇറങ്ങിയാൽ നിശ്ചിത തുക വാടകയിൽ ഇ-സ്കൂട്ടർ ലഭ്യമാക്കുന്നതായിരുന്നു ക്രമീകരണം. ഓരോ ചുവടുവെപ്പിലും പരമാവധി കാർബൺ പുറന്തള്ളൽ കുറക്കണം എന്ന ആശയം എല്ലാവരും ഏറ്റെടുത്തു. വിദേശികൾ ഉൾപ്പെടെ നിരവധി പേരാണ് തങ്ങളുടെ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും ദൗത്യത്തെ അഭിനന്ദിച്ചതും. എജുക്കേഷൻ സിറ്റി കാമ്പസിലെ കാർബൺ പുറന്തള്ളൽ കുറക്കുക എന്ന ലക്ഷ്യത്തിെൻറ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലായിരുന്നു പദ്ധതി.
ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സനും സി.ഇ.ഒയുമായി ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി മക്കൾക്കൊപ്പം മെട്രോയിലെത്തി, ഓഫിസിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറീസ് വഴി പങ്കുവെച്ചു. '55 മിനിറ്റിനുള്ളിൽ ഡോർ ടു ഡോർ' എന്ന കുറിപ്പോടെയായിരുന്നു കാർണിഷ് മെലോൺ സർവകലാശാല ഇംഗ്ലീഷ് വിഭാഗം പ്രഫസർ ഡുഡ്ലി റെയ്നോൾഡ് 'കാർ ഫ്രീ ഡേ' അനുഭവം പങ്കുവെച്ചത്.
വാഹനങ്ങൾക്ക് കർശന വിലക്ക് ഏർപ്പെടുത്തിയപ്പോൾ തന്നെ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി ഇളവുകളും നൽകിയിരുന്നു. എജുക്കേഷൻ സിറ്റി ബസ് സർവിസും ഒരു ദിവസം നിർത്തിവെച്ചു. ട്രാം സഞ്ചാര മാർഗങ്ങൾ, ഇ-സ്കൂട്ടർ ലഭ്യമാവുന്ന കേന്ദ്രങ്ങൾ, കാമ്പസിന് പുറത്ത് കാറുകൾ നിർത്തിയിടേണ്ട സ്ഥലങ്ങൾ തുടങ്ങിയവ വിശദമാക്കുന്ന സിറ്റിയുടെ ഭൂപടവും അധികൃതർ നേരത്തേ പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.