ദോഹ: ഖത്തറിൽ സന്ദർശകരുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറി അൽ ഖോറിലെ പാണ്ട ഹൗസ്. ആഘോഷ വേളയിലും അവധിക്കാലത്തും വാരാന്ത്യങ്ങളിലുമെല്ലാം വലിയ അളവിൽ സന്ദർശകരെ സ്വീകരിക്കുന്ന പാണ്ട ഹൗസ് പാർക്കിൽ പെരുന്നാളിനും തിരക്കൊഴിഞ്ഞില്ല. ഈദ് അവധി നാളുകളിൽ 5000ത്തിൽ ഏറെ സന്ദർശകരാണ് ഇവിടെ എത്തിയതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അധികൃതർ വ്യക്തമാക്കുന്നു. ഓരോ ദിവസവും ശരാശരി 1200മുതൽ 1500ഓളം പേർ.
സൗദി, കുവൈത്ത്, ബഹ്റൈൻ ഉൾെപ്പടെ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമായിരുന്നു ഇവിടമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിൽ പാണ്ട ഹൗസ് ചുമതല വഹിക്കുന്ന ലുൽവ മുഹമ്മദ് അൽ മുഹന്നദി പറഞ്ഞു. ലോകകപ്പിന് മുന്നോടിയായി, കഴിഞ്ഞ വർഷം നവംബർ ആദ്യ വാരത്തിൽ തുടക്കം കുറിച്ച അൽ ഖോറിലെ പാണ്ട ഹൗസ് പാർക്കിൽ അതിഥികളായ സുഹൈൽ, തുറായ പാണ്ടകളെ കാണാൻ സ്വദേശികളും വിദേശികളും ഖത്തറിലെ താമസക്കാരും ഉൾപ്പെടെ വലിയൊരു വിഭാഗമാണ് വരുന്നത്. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ പാണ്ട ഹൗസ് പാർക്ക് സന്ദർശകരുടെ പ്രിയപ്പെട്ട സങ്കേതവുമായി മാറി. ഏഴു മാസത്തിനുള്ളിൽ പാർക്കിലെത്തിയത് 1.20 ലക്ഷത്തിൽ ഏറെ പേരാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കുന്നു. പാണ്ട ഹൗസിലെ തണുത്ത അന്തരീക്ഷത്തിൽ ഓടിക്കളിച്ച് വികൃതികൾ ഒപ്പിക്കുന്ന സുഹൈൽ, തുറായ പാണ്ടകളാണ് കുട്ടികൾ ഉൾപ്പെടെ സന്ദർശകർക്കിടയിലെ താരം.
ലോകകപ്പിനുള്ള ഖത്തറിന്റെ ഒരുക്കങ്ങൾക്കിടയിൽ ചൈന സമ്മാനമായി നൽകിയതായിരുന്നു രണ്ടു ഭീമൻ പാണ്ടകൾ. 2022 ഒക്ടോബർ 19ന് ഖത്തർ എയർവേസിന്റെ പ്രത്യേക വിമാനത്തിൽ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽനിന്ന് രാജകീയമായി തന്നെയായിരുന്നു മരുഭൂ മണ്ണിലേക്ക് പാണ്ടകളുടെ വരവ്. ഖത്തറിലെയും ചൈനയിലെയും ജനങ്ങൾ ആവേശത്തോടെ ഈ യാത്രയെ വരവേറ്റു. തുടർന്ന് അൽ ഖോറിലെ ഫാമിലി പാർക്കിൽ പ്രത്യേകം സജ്ജീകരിച്ച പാണ്ട ഹൗസ് പാർക്ക് ഇവരുടെ താവളമായി മാറി. മിഡിൽ ഈസ്റ്റിൽ ആദ്യമായെത്തുന്ന ഭീമൻ പാണ്ടകൾ എന്ന റെക്കോഡും ഇവർക്കായിരുന്നു.
37 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹരിതാഭമായ താമസസ്ഥലവും ഗാലറിയും ഉൾപ്പെടെ ഇവരുടെ സാമ്രാജ്യം ലോകകപ്പ് വേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാധ്യമ പ്രവർത്തകർക്കും കാണികൾക്കും പ്രധാന ആകർഷകവുമായി. ഗിഫ്റ്റ് ഷോപ്പ്, കഫേ, വെറ്ററിനറി ക്ലിനിക്, പ്രാർഥനാ മുറി എന്നിവയുമായി സന്ദർശകർക്കും പാണ്ട ഹൗസിൽ വിപുലമായ സൗകര്യങ്ങളുണ്ട്. ചൈനയിൽ പാണ്ടകൾ വളരുന്ന ആവാസ വ്യവസ്ഥയുടെ അതേ മാതൃകയിലാണ് ഖത്തറിലും പാണ്ട ഹൗസ് പാർക്ക് സജ്ജീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ 100 ദിവസം പിന്നിട്ടപ്പോൾ പുറത്തുവിട്ട കണക്കു പ്രകാരം 76,000 പേരായിരുന്നു പാണ്ട ഹൗസിലെ സന്ദർശകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.