ദോഹ: രണ്ടുമാസം നീണ്ട വേനലവധിക്കാലത്തിന് വിരാമമിട്ട് ഖത്തറിലെ സ്കൂളുകൾ ഞായറാഴ്ച പ്രവർത്തനമാരംഭിക്കും. കളികളും യാത്രകളും നാട്ടിലെ കുടുംബത്തോടൊപ്പമുള്ള സന്തോഷനിമിഷങ്ങളും പൂർത്തിയാക്കി പ്രവാസി മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാർഥികളാണ് പുതിയ അധ്യയന ദിനങ്ങളിലേക്ക് മടങ്ങിയെത്തുന്നത്. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഞായറാഴ്ച മുതൽ വീണ്ടും സജീവമാകും. അവധിയാഘോഷത്തിനായി നാട്ടിലേക്ക് പോയ പ്രവാസി കുടുംബങ്ങള ഭൂരിഭാഗവും കഴിഞ്ഞ ദിവസങ്ങളിലായി ഖത്തറിൽ തിരിച്ചെത്തിയിട്ടുണ്ട്.
സർക്കാർ സ്കൂളുകൾക്ക് ഇത് പുതിയ അധ്യയന വർഷത്തിന്റെ തുടക്കമാണെങ്കിൽ, ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾക്ക് രണ്ടാം പാദത്തിനാണ് ഞായറാഴ്ച തുടക്കമാകുന്നത്. സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് ഗതാഗത സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിദ്യാഭ്യാസ മന്ത്രാലയവും ബന്ധപ്പെട്ട അധികൃതരും പൂർത്തിയാക്കിയിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള അധ്യാപന സംവിധാനങ്ങൾ ക്ലാസ് മുറികളിൽ ഉറപ്പാക്കിയിട്ടുമുണ്ട്.
വിദ്യാർഥികളെ സ്വീകരിക്കാനായി ക്ലാസ് റൂമുകളും, സ്കൂൾ ഗ്രൗണ്ടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി സ്കൂളുകൾ സജ്ജമായിട്ടുണ്ട്. ക്ലാസുകൾ ഞായറാഴ്ചയാണ് ആരംഭിക്കുന്നതെങ്കിലും അധ്യാപകർ, സ്കൂൾ ജീവനക്കാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവർ കഴിഞ്ഞ ആഴ്ചയിൽ തന്നെ സ്കൂളിൽ തിരിച്ചെത്തിയിരുന്നു. മുന്നൊരുക്കങ്ങളുടെ ഭാഗമായി അധ്യാപകരെയും -അനധ്യാകരെയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഓറിയന്റേഷൻ പ്രോഗ്രാമുകളും വർക്ക്ഷോപ്പുകളും സ്കൂളുകളിൽ പൂർത്തിയാക്കിയിട്ടുണ്ട്.
വിദ്യാർഥികളെ മികച്ച സ്കൂൾ അന്തരീക്ഷത്തിൽ തിരിച്ചെത്തിക്കാനായി ഗവണ്മന്റ് ആവിഷ്കരിച്ച ബാക് ടു സ്കൂൾ കാമ്പയിന്റെ ഭാഗമായുള്ള പരിശീലന പരിപാടികളും സമാപിച്ചിട്ടുണ്ട്. കുട്ടികളുടെ പഠനയാത്രയിൽ കുടുംബവും വിദ്യാലയങ്ങളും തമ്മിലുള്ള പങ്കാളിത്തം ഉറപ്പാക്കുന്ന വിവിധ ബോധവൽക്കരണ പരിപാടികളും വർക്ക്‌ഷോപ്പുകളും 'ബാക്ക് ടു സ്കൂൾ' പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ആഗസ്റ്റ് 25ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ അധ്യാപകരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും പങ്കാളിത്തത്തോടെ വാർഷിക എജുക്കേഷണൽ ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്.
സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പുതുതായി പ്രവേശനം നേടുന്ന 10,700 വിദ്യാർഥികൾക്കായി 'ഫസ്റ്റ് സ്റ്റെപ്' എന്ന പുതിയ പദ്ധതിക്ക് ഈ വർഷം മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്.
അതേസമയം, സ്കൂൾ പരിസരങ്ങളിൽ ട്രാഫിക് സുരക്ഷാ നടപടികൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലും അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 674 സ്കൂളുകളുടെ പരിസരങ്ങളിലാണ് ട്രാഫിക് സുരക്ഷാ നടപടികൾ പൂർത്തിയാക്കിയത്.
സ്കൂൾ മേഖലകളിൽ വാഹനങ്ങളുടെ വേഗ പരിധി മണിക്കൂറിൽ 30 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ടെന്ന് അഷ്ഗാൽ അധികൃതർ ഓർമപ്പെടുത്തി. സുരക്ഷാ നടപടികളുടെ ഭാഗമായി സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി സ്പീഡ് ഹമ്പുകൾ സ്ഥാപിച്ചു.
കാൽനടയാത്രക്കാർക്കുള്ള ക്രോസിങ്ങുകൾ, മറ്റ് റോഡ് മാർക്കിങ്ങുകൾ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനായി പ്രത്യേക റാമ്പുകൾ നിർമിക്കുകയും നടപ്പാതകൾ വികസിപ്പിക്കുകയും സംരക്ഷണ ബാരിയറുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കരിക്കുലം, സ്കൂൾ ഗതാഗതം, പാഠപുസ്തകങ്ങളുടെ വിതരണം, സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ തുടങ്ങി എല്ലാവിധ മുൻകരുതലുകളും ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ മറിയം അബ്ദുല്ല അൽ മുഹന്നദി വ്യക്തമാക്കി. സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ഉറക്കവും ഭക്ഷണക്രമവും ക്രമീകരിക്കാനും, പുതിയ രീതികളോട് പൊരുത്തപ്പെടാൻ അവരെ സഹായിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.