ദോഹ: ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധേയമാക്കുന്ന നിയമം പാസാക്കിയ ഇസ്രായേൽ നടപടിക്കെതിരെ പ്രതിഷേധവുമായി അറബ് -മുസ് ലിം രാജ്യങ്ങൾ. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകുന്ന തരത്തിൽ ഇസ്രായേൽ പാർലമെന്റ് അംഗീകരിച്ച നിയമത്തെ ഖത്തർ, സൗദി അറേബ്യ, തുർക്കിയ, ഈജിപ്ത്, ഇന്തോനേഷ്യ, ജോർഡൻ, പാകിസ്താൻ, യു.എ.ഇ എന്നീ എട്ട് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്തമായി അപലപിച്ചത്. ഇസ്രായേൽ അധിനിവേശ ഭരണകൂടം നടപ്പാക്കുന്ന നിയമം വംശവിവേചന ഭരണകൂടത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് മന്ത്രിമാർ കുറ്റപ്പെടുത്തി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നിഷേധിക്കുന്നതും അധിനിവിഷ്ട പ്രദേശങ്ങളിൽ അവരുടെ നിലനിൽപ്പിനെത്തന്നെ ഭീഷണിയിലാക്കുന്നതുമായ തുടർച്ചയായ ഇസ്രായേലി നടപടികൾക്കെതിരെ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
ഫലസ്തീൻ തടവുകാർക്കെതിരായ വിവേചനപരമായ നീക്കവും, പുതിയ നിയമനിർമാണവും അപകടകരമായ സാഹചര്യം സൃഷ്ടിക്കും. ഇത്തരം നടപടികൾ മേഖലയിലെ പിരിമുറുക്കം വർധിപ്പിക്കുകയും പ്രാദേശിക സ്ഥിരതയെ തകർക്കുകയും ചെയ്യും. നിലവിൽ ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരുടെ അവസ്ഥയിൽ മന്ത്രിമാർ കടുത്ത ആശങ്ക രേഖപ്പെടുത്തി. പീഡനം, ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റം, പട്ടിണി, അടിസ്ഥാന അവകാശങ്ങളുടെ ലംഘനം എന്നിവയുൾപ്പെടെ തടവുകാർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ വരാനിരിക്കുന്ന വലിയ അപകടസാധ്യതകളെക്കുറിച്ച് മന്ത്രിമാർ മുന്നറിയിപ്പ് നൽകി. സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കുന്ന തരത്തിൽ ഇസ്രായേൽ അടിച്ചേൽപ്പിക്കുന്ന ഇത്തരം നടപടികൾ തടയണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.