ദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹി തെരഞ്ഞെടുപ്പിനു പിന്നാലെ ഒഴിവുള്ള പോസ്റ്റുകളിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്ത് ഇന്ത്യൻ എംബസി. ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഉപദേശക സമിതി എന്നീ പദവികളിലേക്കാണ് ഇന്ത്യൻ എംബസി നാമനിർദേശത്തിലൂടെ അംഗങ്ങളെ തെരഞ്ഞെടുത്തത്.
പ്രസിഡന്റിനെയും മറ്റു അംഗങ്ങളെയും ജനുവരി 31ന് നടന്ന വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തിരുന്നു. ഓരോ അപെക്സ് ബോഡിയിലേക്കും നാലുവീതം മാനേജിങ് കമ്മിറ്റി അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ഐ.സി.സിയിലേക്ക് മൂന്ന് എ.ഒ അംഗങ്ങളെയും തെരഞ്ഞെടുത്തു. ഐ.സി.ബി.എഫ്, ഐ.എസ്.സി കമ്മിറ്റികളിൽ ഓരോ എ.ഒ അംഗങ്ങളെയും വോട്ടെടുപ്പ് വഴി കണ്ടെത്തി.
ഇതിനു പിന്നാലെയാണ് ശേഷിച്ച പ്രതിനിധികളെ കൂടി നാമനിർദേശത്തിലൂടെ എംബസി തെരഞ്ഞെടുത്തത്. മൂന്ന് കമ്മിറ്റികളിലേക്കുമായി 14 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെ എംബസി ശിപാർശ ചെയ്തു. ഐ.സി.സി മാനേജിങ് കമ്മിറ്റിയിലേക്ക് അനു ശർമ, ബിശ്വജിത് ബാനർജി, രാകേഷ് വാഗ്, വെങ്കപ്പ ഭഗവതുലെ എന്നിവരെ നിർദേശിച്ചു. ഉപദേശക സമിതി ചെയർമാനായി മുൻ പ്രസിഡന്റ് പി.എൻ ബാബുരാജിനെ നിയമിച്ചു.
ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടറും ഖത്തറിലെ ബിസിനസ് പ്രമുഖനുമായ അഷ്റഫ് ചിറക്കൽ, വി.എസ് മന്നാംഗി, മോണിക മോഡി, സതിക് ബച്ച എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്. ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റിയിലേക്ക് ഖത്തറിലെ നഴ്സിങ് സംഘടനയായ യുനീക് ഭരവാഹി മിനി സിബി, മണി ഭാരതി (തമിഴ്നാട്), ഇർഫാൻ അൻസാരി (ബിഹാർ), ശങ്കർ ഗൗഡ് (ആന്ധ്രപ്രദേശ്), അമർ വീർ സിങ് (പഞ്ചാബ്) എന്നിവരെ തെരഞ്ഞെടുത്തു.
ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മിറ്റിയിലേക്ക് ഹംസ പി. കുനിയിൽ (കേരള), ചന്ദ്രശേഖർ (മഹാരാഷ്ട്ര), സിതേന്ദു പാൽ (പശ്ചിമ ബംഗാൾ), നിവേദിത മെഹ്ത (ഗുജറാത്ത്), സുബ്രഹ്മണ്യ സോമരാജു (ആന്ധ്ര) എന്നിവരെ നിയമിച്ചു.
ഐ.എസ്.സി ഉപദേശക സമിതി ചെയർമാനായി കെ.എം.സി.സി ഖത്തർ പ്രസിഡന്റ് ഡോ. അബ്ദുസ്സമദിനെ നിയമിച്ചു. മിബു ജോസ്, ദേബോജിത് ശർമ, സുബ്രഹ്മണ്യ ഹെബ്ബഗേലു എന്നിവരാണ് അംഗങ്ങൾ. മൂന്ന് സമിതികളിലേക്കുമുള്ള കമ്മിറ്റി അംഗങ്ങൾ പൂർത്തിയായതോടെ 2025-26 ഭരണ സമിതി ഉടൻതന്നെ അധികാരമേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.